ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കെഎല്‍ രാഹുലിന് പകരമായാണ് സഞ്‌ജുവിനെ ചേര്‍ത്തത്. ഇക്കാര്യം ഔദ്യോഗിമായി ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ടി20 സ്‌ക്വാഡ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റില്‍ സഞ്ജുവും ഇടംപിടിച്ചിട്ടുണ്ട്.
ഏകദിന പരമ്പരയുടെ ഭാഗമായ സഞ്‌ജു ടി20 സ്ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല. 12, 54, 6* എന്നിങ്ങനെയാണ് മൂന്ന് മത്സര ഏകദിന പരമ്പരയില്‍ സഞ്‌ജുവിന്‍റെ പ്രകടനം. ഇതിന് മുന്നെ അയര്‍ലന്‍ഡിനെതിരെ കളിച്ച ടി20യില്‍ 77 റണ്‍സടിക്കാനും സഞ്‌ജുവിന് കഴിഞ്ഞിരുന്നു. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും സ്‌ക്വാഡിന്‍റെ ഭാഗമാണ്. ഇതോടെ താരത്തിന് പ്ലേയിങ് ഇലവനില്‍ സാധ്യത കുറവാണ്.
കഴിഞ്ഞ ആഴ്‌ച കൊവിഡ് ബാധിതനായ താരത്തിന് കൂടുതല്‍ വിശ്രം നിര്‍ദേശിച്ചിരുന്നു. ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരമുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് രാഹുലിന് പരിക്കേറ്റത്. ഈ പരമ്പരയിലെ നായകനായിരുന്ന താരം പുറത്തായതോടെ റിഷഭ് പന്താണ് പകരം ചുമതല വഹിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റും, ഏകദിന ടി20 പരമ്പരകളും രാഹുലിന് നഷ്‌ടമായിരുന്നു.
അതേസമയം അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (29.07.2022) നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഏകദിന പരമ്പര കളിക്കാതിരുന്ന നായകന്‍ രോഹിത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.