സെയ്‌ന്‍റ് കിറ്റ്സ്: വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വെറും അഞ്ച് പന്തുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിട്ടത്. ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിട്ടേയര്‍ഡ് ഹര്‍ട്ടായി രോഹിത് തിരിച്ച് കയറുകയായിരുന്നു. ഒരു ഫോറും ഒരു സിക്‌സും സഹിതം 11 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്.
പ്രകടനത്തോടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോഡ് സ്വന്തമാക്കാനും രോഹിത്തിന് കഴിഞ്ഞു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡാണ് രോഹിത് നേടിയത്.
നിലവില്‍ 34 ഇന്നിങ്‌സുകളിലായി 60 സിക്‌സുകളാണ് ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലുള്ളത്. 59 സിക്‌സുകളാണ് കോലി നേടിയിരുന്നത്. 34 സിക്‌സുകളുമായി എംഎസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഈ മത്സരത്തില്‍ നിന്നും പിന്മാറിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവുമെന്ന് പ്രതീക്ഷക്കുന്നതായും രോഹിത് പ്രതികരിച്ചു. നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും അടുത്ത മത്സരത്തിന് മുമ്പ് വിശ്രമിക്കാന്‍ ധാരാളം സമയമുണ്ടെന്നുമാണ് രോഹിത് പറഞ്ഞത്. ആഗസ്റ്റ് 6, 7 തിയതികളിൽ ഫ്ലോറിഡയിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.
മൂന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയ ലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. മത്സരം നടന്ന സെന്‍റ് ക്വിറ്റ്‌സിലെ ഏറ്റവും മികച്ച റണ്‍ ചേസാണിത്. 2017ല്‍ അഫ്ഗാനിസ്ഥാനെതിരെ 147 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച വിന്‍ഡീസിന്‍റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
also read: IND VS WI | അടിച്ച് തകർത്ത് സൂര്യകുമാർ യാദവ്; വിൻഡീസിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം