പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വിന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് അക്‌സര്‍ പട്ടേലിന്‍റെ അക്രമണോത്സുക ബാറ്റിങ്ങാണ്. തോറ്റെന്ന് ഉറപ്പിച്ചയിടത്തുനിന്നാണ് താരം വെടിക്കെട്ടുമായി കളം നിറഞ്ഞത്. പുറത്താവാതെ 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 64 റണ്‍സാണ് അക്‌സര്‍ അടിച്ച് കൂട്ടിയത്.
അന്‍പതാം ഓവറിന്‍റെ നാലാം പന്തില്‍ കെയ്‌ല്‍ മയേഴ്‌സിനെ സിക്‌സിന് പറത്തിയുള്ള വിജയ പ്രഖ്യാപനം ധോണി സ്‌റ്റൈല്‍ ഫിനിഷിങ്ങായിരുന്നു. മിന്നുന്ന ഈ പ്രകടനത്തോടെ എംഎസ് ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള ഒരു ഏകദിന റെക്കോഡ് തകര്‍ക്കാനും അക്‌സറിന് കഴിഞ്ഞു.
ഏകദിനത്തില്‍ ഏഴാം നമ്പറിലോ തുടര്‍ന്നുള്ള സ്ഥാനത്തോയിറങ്ങി ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന ധോണിയുടെ റെക്കോഡാണ് അക്‌സര്‍ പഴങ്കഥയാക്കിയത്. 2005ല്‍ സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് സിക്‌സറുകളടിച്ചാണ് ധോണി റെക്കോഡിട്ടത്. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്കും അയര്‍ലന്‍ഡിനുമെതിരെ ധോണിക്കൊപ്പമെത്താന്‍ യൂസഫ് പഠാന് കഴിഞ്ഞിട്ടുണ്ട്.
also read: IND VS WI | 'ഇതൊരു തുടക്കം മാത്രം'; സഞ്‌ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്
വെറും 27 പന്തുകളിലാണ് ഏകദിന കരിയറിലെ തന്‍റെ കന്നി അര്‍ധ സെഞ്ച്വറി അക്‌സര്‍ അടിച്ചെടുത്തത്. ഇതോടെ വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും അക്‌സറിന് കഴിഞ്ഞു. 1983ല്‍ 22 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഇതിഹാസ താരം കപില്‍ ദേവാണ് പട്ടികയില്‍ തലപ്പത്തുള്ളത്.
മത്സരത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 312 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറികളുമായി ശ്രേയസ് അയ്യരും, സഞ്‌ജു സാംസണും തിളങ്ങി.