രാജ്‌കോട്ട് : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. രാജ്‌കോട്ടില്‍ വൈകീട്ട് എഴുമണിക്കാണ് മത്സരം ആരംഭിക്കുക. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇരു ടീമുകളും പരമ്പരയില്‍ ഒപ്പമാണ്.
മുംബൈയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് ജയിച്ചപ്പോള്‍ പൂനെയില്‍ നടന്ന രണ്ടാം ടി20യില്‍ 16 റണ്‍സിന്‍റെ വിജയം പിടിച്ചാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ലങ്ക ഒപ്പമെത്തിയത്. ഇതോടെ ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യയുടെ യുവ നിര എല്ലാം തികഞ്ഞവരല്ല. എന്നാല്‍ മികച്ച പോരാട്ടം നടത്താന്‍ ശേഷിയുള്ള സംഘമാണവര്‍. പൂനെയില്‍ ലങ്കനേടിയ 206 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ അഞ്ചിന് 57 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ അക്‌സര്‍ പട്ടേലും സൂര്യകുമാര്‍ യാദവും ശിവം മാവിയും ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലൂടെ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷ ഉണര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടേയും പേസര്‍മാരുടെയും മോശം പ്രകടനമാണ് ഇന്ത്യയ്‌ക്ക് തലവേദനയാവുന്നത്. മുംബൈയില്‍ ഏഴ് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ടി20യില്‍ രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. ഇഷാന്‍ കിഷനും രാഹുല്‍ ത്രിപാഠിയും ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും പൂനെയില്‍ അവിശ്വസനീയമായി പരാജയപ്പെടുകയും ചെയ്‌തു.
പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു പൂനെയിലേത്. രണ്ട് ഓവര്‍ മാത്രം എറിഞ്ഞ താരം ഹാട്രിക് ഉള്‍പ്പടെ അഞ്ച് നോ ബോളുകളാണ് എറിഞ്ഞത്. വഴങ്ങിയതാവട്ടെ 37 റണ്‍സും. ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ വിട്ടുനല്‍കിയത് 48 റണ്‍സാണ്. മറുവശത്ത് ആദ്യ ടി20യില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ശിവം മാവി പൂനെയില്‍ വിട്ടുകൊടുത്തത് 53 റണ്‍സാണ്.
പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായാല്‍ ലങ്കയെ കീഴടക്കി പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക്കിന്‍റെ സംഘത്തിന് കഴിയുമെന്നുറപ്പാണ്. പരിക്കില്ലെങ്കില്‍ ടീമില്‍ വളരെയധികം മാറ്റങ്ങൾ വരുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരുന്നു. ഇതോടെ പൂനെയിലെ പ്ലേയിങ് ഇവലനെ ഇന്ത്യ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.
പിച്ച് റിപ്പോര്‍ട്ട്: രാജ്യത്തെ ഏറ്റവും മികച്ച ബാറ്റിങ് പ്രതലങ്ങളിലൊന്നാണ് എസ്‌സിഎ സ്റ്റേഡിയത്തിലെ പിച്ച്. ഫലപ്രദമായ ബോളിങ്ങിലൂടെ റണ്‍സ് ഒഴുക്ക് നിയന്ത്രിക്കാനാവും. 179 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. നേരത്തെ ഇന്ത്യ ഇവിടെ നാല് ടി20കളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ മൂന്നും വിജയിക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നു.
Also read: സൂര്യയെ ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യാനാവില്ല: ഇര്‍ഫാന്‍ പഠാന്‍
സാധ്യത ഇലവന്‍
ഇന്ത്യ: ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്. രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പണ്ഡ്യ(സി), ദീപക് ഹൂഡ, അക്സർ പട്ടേൽ, ശിവം മാവി, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.
ശ്രീലങ്ക: പാത്തും നിസ്സാങ്ക, കുശാല്‍ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ഷനക (സി), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുഷങ്ക.