മുംബൈ: പുതുവർഷത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങുന്നു. ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക.
മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ സീനിയര്‍ താരങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാണ് ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്.
സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്‌ക്‌വാദ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹർഷൽ പട്ടേൽ, അര്‍ഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക് തുടങ്ങിയ താരങ്ങളടങ്ങിയ സ്ക്വാഡാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഓപ്പണര്‍മാരായി ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരെ പ്രതീക്ഷിക്കാം. ടി20യില്‍ ഗില്ലിന്‍റെ ടി20 അരങ്ങേറ്റ മത്സരമാവുമിത്. രാഹുല്‍ ത്രിപാഠിക്കും അരങ്ങേറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ത്രിപാഠി കളിക്കുകയാണെങ്കില്‍ മൂന്നാം നമ്പറിലെത്തിയേക്കും. നാലാം നമ്പറില്‍ സൂര്യ ഉറപ്പാണ്. ഇതോടെ അഞ്ചാം നമ്പറിനായി സഞ്‌ജുവും ഹൂഡയും തമ്മിലാണ് മത്സരം. എന്നാല്‍ സഞ്‌ജുവിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്കറ്റ് കീപ്പറായാവും സഞ്‌ജു എത്തുക.
ഫിനിഷറുടെ റോളിലാവും ഹാര്‍ദിക് എത്തുക. വാങ്കഡെയിലെ റണ്‍സ് ഒഴുകുന്ന പിച്ചില്‍ പേസര്‍മാരായി അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക് എന്നിവരെ പ്രതീക്ഷിക്കാം. വാഷിങ്‌ടണ്‍ സുന്ദറിനും കുല്‍ദീപിനുമാവും സ്‌പിന്‍ യൂണിറ്റിന്‍റെ ചുമതല. ഇതോടെ അരങ്ങേറ്റത്തിനായി ശിവം മാവിക്കും മുകേഷ് കുമാറിനും ഇനിയും കാത്തിരിക്കേണ്ടിവരും.
മറുവശത്ത് ദസുൻ ഷനക നയിക്കുന്ന ശ്രീലങ്ക ടീമിന് ഇന്ത്യയ്‌ക്ക് ശക്തമായ വെല്ലുവിളിയാവാന്‍ കഴിയും. നിസ്സാങ്കയും മെൻഡിസും തന്നെയാവും ഓപ്പണര്‍മാരുടെ റോളിലെത്തുക. ധനഞ്ജയ ഡിസിൽവയും ഭാനുക രജപക്സെയും വാനിന്ദു ഹസരംഗ തുടങ്ങിയ താരങ്ങളുടെ പ്രകടനം സംഘത്തിന് നിര്‍ണായകമാവും. 2021ന് ശേഷം ഇന്ത്യയും ശ്രീലങ്കയും ഏഴ് ടി20 മത്സരങ്ങളിലാണ് നേര്‍ക്കുനേരെത്തിയത്. ഇതില്‍ നാല് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നെണ്ണം ലങ്കയ്‌ക്കൊപ്പം നിന്നു.
സാധ്യത ഇലവന്‍
ഇന്ത്യ: ഇഷാന്‍ കിഷൻ, ശുഭ്‌മാന്‍ ഗിൽ, രാഹുല്‍ ത്രിപാഠി, സൂര്യകുമാർ യാദവ്, സഞ്‌ജു സാംസൺ (ഡബ്ല്യുകെ), ഹാര്‍ദിക് പാണ്ഡ്യ (സി), വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹർഷൽ പട്ടേല്‍, അർഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക്.
ശ്രീലങ്ക: നിസ്സാങ്ക, മെൻഡിസ് (ഡബ്ല്യുകെ), ധനജയ ഡി സിൽവ, രാജപക്‌സെ, അസലങ്ക, ദസുൻ ഷനക (സി), വാനിന്ദു ഹസരംഗ, കരുണരത്‌നെ, തീക്ഷണ, ലഹിരു കുമാര, പ്രമോദ് മധുഷൻ.
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ALSO READ: മൂന്ന് ഓവറില്‍ ആറ് റണ്‍സിന് 3 വിക്കറ്റ്; മലയാളി താരത്തിന്‍റെ മികവില്‍ ഇന്ത്യയ്‌ക്ക് വിജയം