മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ദീപക് ചഹാറിന് പകരക്കാരനെ പ്രഖ്യാപിച്ചു. വാഷിങ്‌ടൺ സുന്ദറിനെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോട്ടീസിനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിന് ശേഷമേറ്റ പരിക്കാണ് ചഹാറിന് തിരിച്ചടിയായത്.
ഇതേത്തുടര്‍ന്ന് ലഖ്‌നൗവിൽ നടന്ന ആദ്യ ഏകദിനത്തിൽ താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ടി20 ലോകകപ്പില്‍ സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ഉള്‍പ്പെട്ട താരം കൂടിയാണ് ദീപക് ചഹാര്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങുന്ന ചഹാറിനെ മെഡിക്കൽ ടീം നിരീക്ഷിക്കും.
മറുവശത്ത് പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി പുറത്തിരുന്നതിന് ശേഷമാണ് വാഷിങ്‌ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. പ്രോട്ടീസിനെതിരെ ഇനി രണ്ട് ഏകദിനങ്ങളാണ് ശേഷിക്കുന്നത്. രണ്ടാം ഏകദിനം നാളെ(ഒക്‌ടോബര്‍ 9) റാഞ്ചിയിലും, മൂന്നാം മത്സരം ഈ മാസം 11ന് ന്യൂഡല്‍ഹിയിലും നടക്കും.
ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടാതിരിക്കാന്‍ റാഞ്ചിയില്‍ വിജയം അനിവാര്യമാണ്. ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയുടെ 250 റണ്‍സ് പിന്തുടർന്ന ഇന്ത്യക്ക് ഏട്ട് വിക്കറ്റ് നഷ്‌ടത്തിൽ 240 റണ്‍സേ നേടാനായുള്ളൂ. അപരാജിത അര്‍ധ സെഞ്ചുറിയുമായി മലയാളി താരം സഞ്‌ജു സാംസണ്‍ പൊരുതിയെങ്കിലും ലക്ഷ്യം അകന്നു നിന്നു.
also read: 'ഇന്ത്യ ഞങ്ങളെ ബഹുമാനിക്കാന്‍ തുടങ്ങി'; കാരണം നിരത്തി റമീസ് രാജ