മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയെ വെറ്ററന്‍ താരം ശിഖർ ധവാൻ നയിക്കും. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുള്ളതിനാലാണ് നായകസ്ഥാനം ധവാന് കൈമാറുന്നതെന്നാണ് വിവരം.
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ അഭാവത്തിൽ വിവിഎസ് ലക്ഷ്‌മണാവും ചുമതല നിര്‍വഹിക്കുകയെന്നും ഇവര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മൂന്ന് വീതം ടി20, ഏകദിന പരമ്പരകളാണ് കളിക്കുക. സെപ്‌റ്റംബർ 28 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
തിരുവനന്തപുരത്താണ് ആദ്യ ടി20 നടക്കുക. തുടര്‍ന്ന് ഒക്‌ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും നാലിന് ഇൻഡോറിലുമായി രണ്ടും മൂന്നും മത്സരങ്ങള്‍ അരങ്ങേറും. പിന്നാലെ ഒക്ടോബർ ആറിനാണ് ലഖ്‌നൗവില്‍ ഏകദിന പരമ്പര ആരംഭിക്കുന്നത്.
ഒക്ടോബർ 9, 11 തീയതികളിൽ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനത്തിന് റാഞ്ചിയും ഡൽഹിയും വേദിയാകും. അതേസമയം ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ഓസ്‌ട്രേലിയയിൽ ടി20 ലോകകപ്പ് നടക്കുക.