ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മലയാളി ബാറ്റര്‍ സഞ്ജു സാംസണെ മുന്‍ താരം യുവരാജ് സിങ്ങിനോട് ഉപമിച്ച് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസർ ഡെയ്ൽ സ്‌റ്റെയ്‌ന്‍. ബോളര്‍മാര്‍ക്കുമേല്‍ അനായാസം ആധിപത്യം നേടാന്‍ കളിയുന്ന താരമാണ് സഞ്‌ജുവെന്ന് സ്‌റ്റെയ്‌ന്‍ പറഞ്ഞു. മത്സരത്തിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയിലാണ് സ്‌റ്റെയ്‌ന്‍ ഇക്കാര്യം പറഞ്ഞത്.
"കെജി (കാഗിസോ റബാഡ) തന്‍റെ ഓവറിലെ അവസാന പന്തിൽ ആ നോബോൾ എറിഞ്ഞപ്പോള്‍, ഇനിയിത് സംഭവിക്കാന്‍ അനുവദിക്കരുതെന്നാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച സഞ്‌ജുവിനെപ്പോലെ ഒരുതാരം ക്രീസിലുണ്ടാവുമ്പോള്‍.
മികച്ച ഫോമിലാണ് സഞ്‌ജു കളിക്കുന്നത്. ഐപിഎല്ലില്‍ സഞ്‌ജുവിന്‍റെ പ്രകടനം ഞാന്‍ കണ്ടിട്ടുണ്ട്. ബോളര്‍മാര്‍ക്കുമേല്‍ അനായാസം ആധിപത്യം നേടാനും ഇഷ്ടാനുസരണം ബൗണ്ടറി അടിക്കാനും അവന് കഴിയും. പ്രത്യേകിച്ച് കളിയുടെ അവസാന ഓവറുകളിലെ പ്രകടനം അവിശ്വസനീയമാണ്" സ്റ്റെയിൻ പറഞ്ഞു.
സഞ്‌ജുവിന്‍റെ കഴിവ് യുവരാജ് സിങ്ങിന് സമാനമാണെന്നും സ്‌റ്റെയ്‌ന്‍ കൂട്ടിച്ചേര്‍ത്തു. അവസാന ഓവറിൽ വിജയത്തിനായി മുപ്പതില്‍ കൂടുതല്‍ റണ്‍സ് വേണമെങ്കിൽ പോലും ടീമിനെ ഇരുവര്‍ക്കും ടീമിനെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയുമെന്നും മുന്‍ പ്രോട്ടീസ് താരം അഭിപ്രായപ്പെട്ടു.
“ഷംസി അവസാന ഓവർ എറിയാനെത്തുമ്പോള്‍, അവന് ഒരു മോശം ദിവസമാണെന്ന് സഞ്‌ജു സാംസണ് അറിയാമായിരുന്നു. കെജി (കാഗിസോ റബാഡ) നോബോൾ എറിഞ്ഞപ്പോൾ ഞാൻ പരിഭ്രാന്തനായി.
കാരണം, യുവിയെപ്പോലെ കഴിവുള്ള താരമാണ് സഞ്‌ജു. ഒരോവറില്‍ ആറ് സിക്‌സുകളടിച്ച് മുപ്പതില്‍ കൂടുതലുള്ള ലക്ഷ്യം എത്തിപ്പിടിക്കാന്‍ സഞ്‌ജുവിന് കഴിയും" സ്‌റ്റെയ്‌ന്‍ പറഞ്ഞു നിര്‍ത്തി.
പ്രോട്ടീസിനെതിരെ ഇന്ത്യ ഒമ്പത് റണ്‍സിന് പരാജയപ്പെട്ടുവെങ്കിലും സഞ്‌ജു വീരോചിത പ്രകടനമാണ് നടത്തിയത്. 63 പന്തുകളില്‍ നിന്ന് 86 റണ്‍സെടുത്ത സഞ്‌ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് 67 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.
ശ്രേയസ് വീണതോടെ ക്രീസിലെത്തിയ ശാര്‍ദൂല്‍ താക്കൂറിനൊപ്പം 93 റണ്‍സും സഞ്‌ജു നേടി. തുടര്‍ന്നെത്തിയവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതെ വന്നതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ 20 റണ്‍സാണ് സഞ്‌ജുവിന് നേടാന്‍ കഴിഞ്ഞത്.