ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വമ്പന്‍ തോല്‍വിയിലേക്ക് വീഴുമായിരുന്ന ഇന്ത്യയെ ജയത്തിന്‍റെ വക്കോളമെത്തിച്ച പ്രകടനമാണ് മലയാളി താരം സഞ്‌ജു സാംസണ്‍ നടത്തിയത്. ഇന്ത്യ 9 റണ്‍സിന് തോല്‍വി വഴങ്ങിയ മത്സരത്തില്‍ വീരോചിതമായ പോരാട്ടമാണ് സഞ്‌ജു നടത്തിയത്. പ്രോട്ടീസ് 40 ഓവറില്‍ ഉയര്‍ത്തിയ 250 റണ്‍സ് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്.
17.4 ഓവറില്‍ വെറും 51 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് നഷ്‌ടപ്പെട്ടത്. ഇതോടെ വിജയത്തിന് വിദൂര സാധ്യതപോലും ആരും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് 67 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. ശ്രേയസ് വീണതോടെ ക്രീസിലെത്തിയ ശാര്‍ദൂല്‍ താക്കൂറിനൊപ്പം 93 റണ്‍സും സഞ്‌ജു നേടി.
തുടര്‍ന്നെത്തിയവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ 63 പന്തുകളില്‍ നിന്ന് 86 റണ്‍സെടുത്ത മലയാളി താരം അപരാജിതനായി നിന്നെങ്കിലും ഇന്ത്യ തോല്‍വി വഴങ്ങി. അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയത്തിന് വേണ്ടിയിരുന്നത്.
തുടക്കം മുതല്‍ ആക്രമിച്ച സഞ്‌ജു അപ്രാപ്യമെന്ന് കരുതിയ ലക്ഷ്യം നേടുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും പൊരുതി വീണു. തബ്രൈസ് ഷംസി എറിഞ്ഞ ഓവറില്‍ 20 റണ്‍സാണ് സഞ്‌ജുവിന് നേടാന്‍ കഴിഞ്ഞത്. രണ്ട് പന്തുകള്‍ ഡോട്ട് ബോളായി.
നഷ്ടമായ ഈ പന്തുകളെക്കുറിച്ചും മത്സരത്തിലെ തന്‍റെ പ്രകടനത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് താരം. ടീമിനായുള്ള തന്‍റെ സംഭാവനയില്‍ തൃപ്‌തനാണെന്ന് സഞ്‌ജു പറഞ്ഞു. "മിഡില്‍ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നത് രസകരമായ കാര്യമാണ്.
എപ്പോഴും ടീമിന്‍റെ വിജയത്തിനായാണ് കളിക്കുന്നത്. രണ്ട് പന്തുകള്‍ കൃത്യമായി കണക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. അടുത്ത തവണ ഞാനത് മെച്ചപ്പെടുത്തും.
പക്ഷേ എന്‍റെ സംഭാവനയിൽ ഞാൻ സംതൃപ്തനാണ്. അവരുടെ ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. തബ്രൈസ് ഷംസി ഇന്ന് അൽപ്പം റണ്‍സ് വഴങ്ങിയിരുന്നു.
അതിനാൽ അദ്ദേഹത്തെയാണ് ഞങ്ങള്‍ ലക്ഷ്യം വയ്‌ച്ചത്. അദ്ദേഹം തന്നെ അവസാന ഓവര്‍ ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നതെങ്കില്‍ എനിക്ക് നാല് സിക്‌സകുള്‍ നേടാമായിരുന്നു''. സഞ്‌ജു പറഞ്ഞു.
ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിങ്ങിലും ബോളിങ്ങിലും പോരായ്മകളുണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമമെന്നും സഞ്‌ജു കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 249 റണ്‍സ് നേടിയത്. അർധസെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസന്‍റെയും(74), ഡേവിഡ് മില്ലറുടേയും(75) ബാറ്റിങ് മികവാണ് പ്രോട്ടീസിന് നിര്‍ണായകമായ്.
ഇന്ത്യയുടെ മറുപടി എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സില്‍ ഒതുങ്ങി. സഞ്ജുവിനെക്കൂടാതെ ശ്രേയസ് അയ്യർ(50), ഷാർദുൽ താക്കൂർ(33) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റ് ബാറ്റര്‍മാരായ ശുഭ്‌മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4), റിതുരാജ് ഗെയ്ക്വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
also read: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി : കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും