ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ പൂജ്യത്തിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായത്. രണ്ട് പന്തുകള്‍ മാത്രം നേരിട്ട രോഹിത്തിനെ പേസര്‍ കാഗിസോ റബാഡ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ചില മോശം റെക്കോഡുകളും രോഹിത്തിന്‍റെ തലയിലായിരിക്കുകയാണ്.
അന്താരാഷ്‌ട്ര ടി20യില്‍ 10 തവണ ഡക്കാവുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്. ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള കെഎല്‍ രാഹുലും വിരാട് കോലിയും രോഹിത്തിന് ഏറെ പിന്നിലാണ്. രാഹുല്‍ അഞ്ചും കോലി നാലും തവണയാണ് ഇതേവരെ ഡക്കായി തിരിച്ച് കയറിയത്.
കൂടാതെ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റ അക്ക സ്കോറില്‍ പുറത്താവുന്ന താരമെന്ന നാണക്കേടും രോഹിത്തിന്‍റെ തലയിലായി. ഇത് 43ാം തവണയാണ് രോഹിത് ഫോര്‍മാറ്റില്‍ ഒറ്റ അക്ക സ്റോറില്‍ വിക്കറ്റാവുന്നത്. ഇതോടെ അയര്‍ലന്‍ഡ് മുന്‍ താരം കെവിന്‍ ഒബ്രിയനാണ് രക്ഷപ്പെട്ടത്.
നേരത്തെ 42 ഒറ്റ അക്ക സ്‌കോറുമായി കെവിൻ ഒബ്രിയന്‍ രോഹിത്തിനൊപ്പം ഈ നാണക്കേട് പങ്കിടുകയായിരുന്നു. ബംഗ്ലാദേശിന്‍റെ മുഷ്‌ഫിഖുര്‍ റഹീം (40), അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി (39), പാകിസ്ഥാന്‍റെ ഷാഹിദ് അഫീദി (37) എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതു 11ാം തവണയാണ് രോഹിത്തിന് കാഗിസോ റബാഡയ്‌ക്ക് മുന്നില്‍ വീഴുന്നത്. ഇതോടെ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബോളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് താരം ടിം സൗത്തിക്കൊപ്പമെത്താനും റബാഡയ്‌ക്ക് കഴിഞ്ഞു.
മത്സരത്തിന്‍റെ തുടക്കം തന്നെ പാളിയ ഇന്ത്യ 49 റണ്‍സിന് പരാജയപ്പെടുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
also read: Ind vs SA | നിലതെറ്റി വീണ് ഇന്ത്യൻ ബാറ്റർമാർ ; ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റൻ തോൽവി