സെഞ്ചൂറിയന്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിലാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 2നാണ് മത്സരം ആരംഭിക്കുക. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യം വെച്ചുകൂടിയാണ് ബോക്‌സിങ് ഡേയില്‍ വിരാട് കോലിയും സംഘവും കളത്തിലിറങ്ങുക (IND vs SA boxing day test).
കോച്ച് എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെ ആദ്യ വിദേശ പര്യടനം കൂടിയാണിത്. പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പകരം കെഎല്‍ രാഹുലിനാണ് ചുമതല. രോഹിത്തിന് പുറമെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും പരിക്കിന്‍റെ പിടിയിലാണ്.
ഇതോടെ കെഎല്‍ രാഹുലും മായങ്ക് അഗര്വാളുമാവും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ ഫോമില്ലായ്‌മ ഇന്ത്യയ്‌ക്ക് തലവേദനയാണ്. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യര്‍ക്കോ, ഹനുമ വിഹാരിക്കോ അവസരം നല്‍കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.
വിദേശ പിച്ചുകളില്‍ പിന്തുടരുന്ന അഞ്ച് ബൗളര്‍ നയം തന്നെയാവും സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലെ പിച്ചില്‍ ഇന്ത്യ പിന്തുടരുകയെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ക്യാപ്റ്റന്‍ സൂചന നല്‍കിയിരുന്നു.
also read: 'എല്ലാവരുടേയും റൊട്ടിയിൽ വെണ്ണ പുരട്ടലല്ല എന്‍റെ ജോലി'; അശ്വിന് മറുപടിയുമായി രവി ശാസ്‌ത്രി
ഇതോടെ നാല് പേസര്‍മാരെയും ഒരു സ്‌പിന്നറേയും കളിപ്പിക്കാനാണ് സാധ്യത. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്‌പിന്നറായി ആര്. അശ്വിന് ടീമില്‍ ഇടം കണ്ടെത്തിയേക്കും. ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഇടം ലഭിക്കാനായി കാത്തിരിക്കുന്നത്.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജനുവരി 3 മുതല്‍ 7 വരെയും, മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയും നടക്കും.