നേപിയര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ടിം സൗത്തി ബാറ്റിങ് തെരഞ്ഞെടുത്തു. നേപിയറിലെ മക്‌ലീന്‍ പാര്‍ക്കില്‍ ടോസിന് മുമ്പും ശേഷവും മഴയെത്തിയതോടെ മത്സരം അരമണിക്കൂര്‍ വൈകിയാണ് ആരംഭിക്കുന്നത്.
ടീമിന്‍റെ സ്ഥിരം നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അഭാവത്തിലാണ് സൗത്തി ടീമിനെ നയിക്കുന്നത്. വില്യംസണ് പകരം ടീമിലെത്തിയ മാര്‍ക്ക് ചാപ്പ്‌മാന്‍ പ്ലേയിങ് ഇലവനിലും ഇടം നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.
വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തായപ്പോള്‍ ഹര്‍ഷല്‍ പട്ടേലാണ് പ്ലേയിങ് ഇലവനിലെത്തിയത്. മലയാളി താരം സഞ്‌ജു സാംസണ് ഇന്നും ഇടം ലഭിച്ചില്ല. മൂന്ന് മത്സര പരമ്പരയില്‍ നിലവില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ.
വെല്ലിങ്‌ടണില്‍ നടന്ന ആദ്യ കളി മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ബേ ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഇന്ന് ജയിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യ (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ, റിഷഭ് പന്ത് (ഡബ്ല്യു), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ (സി), ദീപക് ഹൂഡ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ(പ), മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്നർ, ആദം മിൽനെ, ഇഷ് സോധി, ടിം സൗത്തി(സി), ലോക്കി ഫെർഗൂസൺ