ക്രൈസ്റ്റ്ചര്‍ച്ച്: വൈറ്റ് ബോൾ ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെടുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മോശം ഫോമിലുള്ള പന്തിന് നിരന്തരം അവസരം നല്‍കുമ്പോള്‍ മികച്ച രീതിയില്‍ കളിക്കുന്ന സഞ്‌ജു സാംസണടക്കമുള്ള താരങ്ങളെ പുറത്തിരുത്തുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെങ്കിലും പന്തിന്‍റെ വൈറ്റ് ബോൾ റെക്കോഡ് അത്ര മികച്ചതല്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് മുൻ പേസറും കമന്‍റേറ്ററുമായ സൈമൺ ഡൗൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതോടെ സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് ഡൗൾ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി മൂന്ന് ഫോര്‍മാറ്റുകളിലേയും റെക്കോഡുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട് അൽപ്പം അസ്വസ്ഥനായാണ് പന്ത് പ്രതികരിച്ചത്.
റെക്കോഡുകള്‍ ഒരു നമ്പർ മാത്രമാണെന്നും തന്‍റെ വൈറ്റ് ബോൾ നമ്പറുകൾ അത്ര മോശമല്ലെന്നുമായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ താരം പറഞ്ഞത്. ഇപ്പോഴുള്ള താരതമ്യം നിരര്‍ഥമാണെന്നും പന്ത് വ്യക്തമാക്കി. "താരതമ്യത്തിന് ഇപ്പോൾ അർഥമില്ല, എനിക്ക് 24-25 വയസ് മാത്രമേ പ്രായമുള്ളൂ. നിങ്ങൾക്ക് താരതമ്യം ചെയ്യണമെങ്കിൽ, എനിക്ക് 30-32 വയസുള്ളപ്പോൾ അതിന് കഴിയും. അതിന് മുമ്പുള്ള താരതമ്യം എന്നെ സംബന്ധിച്ച് നിരര്‍ഥമാണ്". റിഷഭ് പന്ത് പറഞ്ഞു.
ടി20യില്‍ ഓപ്പണറായും ഏകദിനത്തില്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പന്ത് വെളിപ്പെടുത്തി. "ടെസ്റ്റിൽ ഞാൻ 5-ാം നമ്പറിൽ മാത്രമാണ് ബാറ്റ് ചെയ്യുന്നത്. നിങ്ങൾ വ്യത്യസ്‌ത സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഗെയിം പ്ലാനും മാറും.
ഈ സമയം ടീമിന് ഏറ്റവും മികച്ചത് എന്താണെന്നും ഒരു കളിക്കാരന് എവിടെയാണ് കൂടുതൽ സംഭാവന ചെയ്യാൻ കഴിയുകയെന്നും കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നുണ്ട്. എനിക്ക് എവിടെ അവസരം ലഭിച്ചാലും എന്‍റെ പരമാവധി ചെയ്യാൻ ഞാൻ ശ്രമിക്കും" പന്ത് വ്യക്തമാക്കി.
Also read: 'പന്തിന്‍റെ ശരാശരി വെറും 30, സഞ്‌ജുവിന്‍റേത് 60ന് മുകളില്‍'; മലയാളി താരത്തിനായി വാദിച്ച് സൈമൺ ഡൗൾ