മാഞ്ചസ്റ്റര്‍ : ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറില്‍ എക്കാലത്തേയും മികച്ച മത്സരങ്ങളിലൊന്നാവും മാഞ്ചസ്റ്ററിലെ ഇംഗ്ലണ്ടിനെതിരായ ഏകദിനമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. മത്സരത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മികവുമായി തിളങ്ങിയ താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തു. ഏഴ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ താരം ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുന്നതില്‍ നിര്‍ണായകമായി.
ഏഴോവറിൽ മൂന്നും മെയ്‌ഡനായിരുന്നു. താരത്തിന്‍റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയതും ഹാര്‍ദിക്കിന്‍റെ ബാറ്റിങ് കരുത്താണ്. 55 പന്തിൽ 10 ഫോറുകളോടെ 71 റൺസെടുത്താണ് ഹാർദിക് തിരിച്ച് കയറിയത്.
ഇതോടെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, കെ. ശ്രീകാന്ത്, യുവരാജ് സിങ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഒരപൂര്‍വ റെക്കോഡ് പങ്കിടാനും ഹാര്‍ദിക്കിന് കഴിഞ്ഞു. ഒരു ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്കായി നാലില്‍ കൂടുതല്‍ വിക്കറ്റുകളും അന്‍പതിലേറെ റണ്‍സും നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലാണ് ഹാര്‍ദിക് ചേര്‍ന്നത്.
ഗാംഗുലിയും യുവരാജും രണ്ട് തവണ പ്രസ്‌തുത നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെ പ്രസ്‌തുത പ്രകടനം നടത്തിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ഹാര്‍ദിക്.
എലൈറ്റ് പട്ടികയിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം
കെ ശ്രീകാന്ത് 70 & 5/27 vs ന്യൂസിലാന്‍ഡ് - വിശാഖപട്ടണം 1988
സച്ചിന്‍ ടെണ്ടുൽക്കർ 141 & 4/38 vs ഓസ്‌ട്രേലിയ - ധാക്ക 1998
സൗരവ് ഗാംഗുലി 130* & 4/21 vs ശ്രീലങ്ക - നാഗ്‌പൂര്‍ 1999
സൗരവ് ഗാംഗുലി 71* & 5/34 vs സിംബാബ്‌വേ - കാണ്‍പൂര്‍ 2000
യുവരാജ് സിങ് 118 & 4/28 v ഇംഗ്ലണ്ട് - ഇന്‍ഡോര്‍ 2008
യുവരാജ് സിങ് 50* & 5/31 vs അയർലൻഡ് - ബെംഗളൂരു 2011
ഹാർദിക് പാണ്ഡ്യ 50* & 4/24 vs ഇംഗ്ലണ്ട് മാഞ്ചസ്റ്റർ 2022
also read: ആദ്യം ഹഫീസ്, ഇപ്പോള്‍ പാണ്ഡ്യ ; രണ്ട് പേര്‍ക്ക് മാത്രം സ്വന്തം ക്രിക്കറ്റിലെ ഈ അപൂര്‍വ റെക്കോഡ്