ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 272 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 271 റണ്‍സ് എടുത്തത്. മെഹിദി ഹസന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
83 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. അര്‍ധ സെഞ്ച്വറി നേടിയ മഹ്മൂദുള്ളയും തിളങ്ങി. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. 19-ാം ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 69 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. അനാമുൽ ഹഖിന്‍റെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്.
ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ലിറ്റൺ ദാസും (7), നജ്‌മുൽ ഹൊസൈൻ ഷാന്‍റോയും (21) മടങ്ങി. ലിറ്റണ്‍ ദാസിനെ സിറാജും ഷാന്‍റോയെ ഉമ്രാനും ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ ഷാക്കിബ് അൽ ഹസൻ താളം കണ്ടെത്താനാവാതെ തിരിച്ച് കയറി. 20 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത ഷാക്കിബിനെ വാഷിങ്‌ടണ്‍ സുന്ദറിന്‍റെ പന്തില്‍ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു. പിന്നാലെ മുഷ്‌ഫിഖുർ റഹീം (12), അഫീഫ് ഹുസൈൻ (0) എന്നിവരും മടങ്ങിയതോടെ ബംഗ്ലാദേശിന്‍റെ നില പരുങ്ങലിലായി.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മഹ്മൂദുള്ളയും മെഹിദി ഹസനും ചേര്‍ന്നാണ് സംഘത്തെ ട്രാക്കിലാക്കിയത്. ഏഴാം വിക്കറ്റില്‍ 148 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 47-ാം ഓവറിലെ ഒന്നാം പന്തില്‍ മഹ്മൂദുള്ളയെ പുറത്താക്കി ഉമ്രാന്‍ മാലിക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മെഹിദിയ്‌ക്കൊപ്പം നസും അഹമ്മദും (18) പുറത്താവാതെ നിന്നു.
ഇന്ത്യയ്‌ക്കായി വാഷിങ്‌ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വിക്കറ്റുകളും വീഴ്‌ത്തി.