നാഗ്‌പൂര്‍: ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടത്തിയത്. എട്ട് ഓവറില്‍ 91 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ പുറത്താവാതെ നിന്നാണ് രോഹിത് വിജയത്തിലേക്ക് നയിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ഉത്തരവാദിത്തത്തോടെയുള്ള ഇന്നിങ്‌സായിരുന്നു താരത്തിന്‍റേത്.
20 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സുകളും സഹിതം 46 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. രോഹിത്തിന്‍റെ ഈ പ്രകടനത്തിന് പിന്നിലെ രഹസ്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. സാഹസികതയ്‌ക്ക് മുതിരാതെ തന്‍റെ ശക്തിയില്‍ ഉറച്ചുനിന്നുള്ള ബാറ്റിങ് സമീപനമാണ് രോഹിത്തിന്‍റെ പ്രകടനത്തിന്‍റെ പിന്നിലെന്നാണ് ഗാവസ്‌കര്‍ പറയുന്നത്.
"രോഹിത്തിന്‍റെ അളന്നുമുറിച്ചുള്ള സമീപനമാണ് ഇന്ന് നിങ്ങള്‍ കണ്ടത്. പ്രതിരോധമായിരുന്നില്ല അത്, പക്ഷേ അവൻ കൂടുതൽ സെലക്‌ടീവായിരുന്നു. ഫ്ലിക് ഷോട്ടുകളും പുള്‍ ഷോട്ടുകളും മികച്ച രീതിയിലാണ് രോഹിത് കളിച്ചത്.
ഓഫ് സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അവന്‍ പ്രയാസപ്പെട്ടത്. തന്‍റെ റേഞ്ചിലുള്ള ഷോട്ടുകള്‍ കളിക്കുമ്പോള്‍ അവന് പ്രയാസമില്ല. അതാണ് അവൻ ചെയ്യാൻ നോക്കേണ്ടത്.
ഇന്ന് അത്തരമൊരു അളന്ന് മുറിച്ച ഇന്നിങ്‌സായിരുന്നു. ആദ്യത്തെ പന്തില്‍ തന്നെ അടി തുടങ്ങാതെ, കാത്തിരുന്ന് പന്തുകള്‍ കട്ട് ചെയ്‌തു. പുള്‍ ചെയ്‌തു. അതാണ് രോഹിത് ശര്‍മ ഇന്ന് നന്നായി ബാറ്റ് ചെയ്യാനുള്ള കാരണം", സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
ആദ്യ ടി20യില്‍ ഏറെ നേരം ക്രീസില്‍ ചിലവഴിക്കാന്‍ കഴിയാതെ വന്ന രോഹിത്തിനെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു. മൊഹാലിയില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് രോഹിത്തിന് മടങ്ങേണ്ടി വന്നത്.
അതേസമയം നാഗ്‌പൂരിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പയില്‍ 1-1ന് ഓസീസിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. നാളെ(25.09.2022) ഹൈദരാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.