ഓവല്‍ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മത്സരത്തിലെ വഴിത്തിരിവ് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സ്റ്റീവ് സ്‌മിത്തിനും ട്രാവിസ് ഹെഡിനുമെതിരെ ബോളർമാർക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും അത് ഫലവത്തായില്ല. മത്സരത്തില്‍ അത് വഴിത്തിരിവായി മാറിയെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയ്‌ക്ക് ഓവലില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നും രോഹിത് വിമര്‍ശിച്ചു.
തുടക്കം മികച്ചത് : "തീര്‍ച്ചയായും പ്രയാസമേറിയ ഒരു മത്സരമായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഞങ്ങള്‍ നന്നായാണ് തുടങ്ങിയത്. ആദ്യ സെഷനിൽ ഞങ്ങൾ നല്ല രീതിയില്‍ പന്തെറിയുകയും ചെയ്‌തു.
പിന്നെ ആ മികവ് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നത് സത്യമാണ്. അതിന്‍റെ ക്രെഡിറ്റ് ഓസീസ് ബാറ്റര്‍മാര്‍ക്കാണ്. പ്രത്യേകിച്ച്, ട്രാവിസ് ഹെഡ് മികച്ച രീതിയിലാണ് കളിച്ചത്.
ആ പ്രകടനമാണ് ഞങ്ങളെ ഒരല്‍പ്പം പിന്നോട്ടാക്കിയത്. തിരിച്ചുവരവ് എപ്പോഴും ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ നന്നായി പൊരുതി" - രോഹിത് പറഞ്ഞു.
ഇതായിരുന്നു പദ്ധതി : "ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. ടൈറ്റര്‍ ലൈനില്‍ പന്തെറിയുന്നതിനായിരുന്നു പദ്ധതി. പക്ഷേ, അത് ഫലവത്തായില്ല. അത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കാം. ഓസ്‌ട്രേലിയക്ക് എല്ലാവിധ അഭിനന്ദനങ്ങളും" - മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു.
രഹാനെയ്‌ക്കും ശാര്‍ദുലിനും അഭിനന്ദനം: ഒന്നാം ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെയും ശാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് തങ്ങളെ മത്സരത്തില്‍ നിലനിര്‍ത്തിയതെന്നും രോഹിത് പറഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബോള്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ബാറ്റര്‍മാര്‍ പരാജയപ്പെട്ടുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
"150 റണ്‍സില്‍ ആറ് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടതിന് ശേഷം രഹാനെയും ശാർദുലും ചേർന്ന് നടത്തിയത് മികച്ച പോരാട്ടമായിരുന്നു. അവര്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഞങ്ങളെ കളിയിൽ നിലനിർത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബോള്‍ ചെയ്യാനും ഞങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ബാറ്റ് ചെയ്യാൻ അനുയോജ്യമായ പിച്ചായിരുന്നു ഇത്. മത്സരത്തിന്‍റെ അഞ്ച് ദിവസങ്ങളിലും പിച്ച് നന്നായി പ്രവർത്തിച്ചുവെങ്കിലും അത് മുതലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല" - ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
പോരാട്ടം തുടരും : മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന തങ്ങള്‍ പോരാട്ടം തുടരുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. " രണ്ട് തവണയും ഫൈനലിലെത്താന്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചിരുന്നു. ഈ തോല്‍വി ഞങ്ങള്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ്.
കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ, രണ്ടുവർഷമായി ഞങ്ങൾ ചെയ്തതിൽ നിന്ന് നിങ്ങൾക്ക് ഒന്നും എടുത്തുകളയാനാവില്ല. അതൊരു വലിയ പരിശ്രമമാണ്.
നിരവധി കളിക്കാർ ആ പരമ്പരയിൽ പങ്കെടുത്തു. ഞങ്ങൾ തല ഉയർത്തി അടുത്ത ചാമ്പ്യൻഷിപ്പിനായി പോരാടും" - രോഹിത് പറഞ്ഞുനിര്‍ത്തി.
ALSO READ: WTC Final | ചരിത്രം തീര്‍ത്ത് ഓസ്‌ട്രേലിയ ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീം
ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനാണ് ഇന്ത്യ ഓസീസിനോട് തോല്‍വി വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരത്തിന്‍റെ അഞ്ചാം ദിനത്തിന്‍റെ 234 റണ്‍സിന് ഓള്‍ ഓട്ട് ആവുകയായിരുന്നു.