നാഗ്‌പൂര്‍: അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യിലെ മിന്നും പ്രകടത്തോടെയാണ് രോഹിത്തിന്‍റെ റെക്കോഡ് നേട്ടം. മത്സരത്തില്‍ നാല് വീതം ഫോറുകളും സിക്‌സുകളും സഹിതം 20 പന്തില്‍ 46 റണ്‍സടിച്ച രോഹിത് പുറത്താവാതെ നിന്നിരുന്നു.
നിലവില്‍ 138 മത്സരങ്ങളില്‍ നിന്നും രോഹിത്തിന്‍റെ അക്കൗണ്ടില്‍ 176 സിക്‌സുകളായി. ഇതോടെ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്‌റ്റിലാണ് പിന്നിലായത്. 121 മത്സരങ്ങളില്‍ നിന്നും 172 സിക്‌സുകളാണ് ഗപ്‌റ്റിലിന് നേടാന്‍ കഴിഞ്ഞത്. 79 മത്സരങ്ങളില്‍ നിന്നും 124 സിക്‌സുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (115 മത്സരങ്ങളില്‍ 120 സിക്‌സുകള്‍), ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (94 മത്സരങ്ങളില്‍ 119 സിക്‌സുകള്‍) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. 106 മത്സരങ്ങളില്‍ നിന്നും 104 സിക്‌സുകള്‍ നേടിയ വിരാട് കോലി നിലവിലെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
അതേസമയം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 90 റണ്‍സാണ് ഓസീസ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 92 റണ്‍സ് നേടി.
also read: നാഗ്‌പൂരില്‍ രോഹിത് ഹിറ്റായത് എങ്ങനെ?; രഹസ്യം വെളിപ്പെടുത്തി സുനില്‍ ഗാവസ്‌കര്‍