ഹൈദരാബാദ്: ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഓസീസിനെതിരായ പരമ്പര നേട്ടം ഇന്ത്യയ്‌ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ഏഷ്യ കപ്പിലെ നിരാശജനകമായ പുറത്താവലിന് ശേഷമാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കാന്‍ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷമാണ് രോഹിത് ശര്‍മയുടെ ടീം പരമ്പര പൊരുതി പിടിച്ചത്.
ഏഷ്യ കപ്പിലും ഇപ്പോള്‍ ഓസീസിനെതിരായ പരമ്പരയിലും ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്‍റെ ദൗര്‍ബല്യം വെളിപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 200 റണ്‍സിന് മുകളിലുള്ള ലക്ഷ്യം പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ആശങ്കയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഭുവിയും ഹര്‍ഷലും നിര്‍ണായകം: ഓസീസിനെതിരെ പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ കൂടുതല്‍ റണ്‍ വഴങ്ങിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ഇരുവര്‍ക്കും 12ന് മുകളിലാണ് ഇക്കോണമിയുള്ളത്. ഡെത്ത് ഓവറുകളില്‍ നിര്‍ണായകമാവുമെന്ന് കരുതുന്ന ഇരുവരും അടിവാങ്ങിക്കൂട്ടുന്നത് ഇന്ത്യയ്‌ക്ക് തലവേദനയാണ്.
എന്നാല്‍ ഇരുവരെയും പിന്തുണച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇരുവരും ഇന്ത്യയുടെ നിര്‍ണായ താരങ്ങളാണെന്ന് രോഹിത് പറഞ്ഞു. ഹൈദരാബാദില്‍ ഓസീസിനെതിരായ മൂന്നാം ടി20യ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രോഹിത്തിന്‍റെ പ്രതികരണം.
ഭുവിയുടെ മോശം ദിനങ്ങള്‍ അവസാനിക്കും: ഭുവനേശ്വര്‍ കുമാറിന്‍റെ അനുഭവ സമ്പത്ത് ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമെന്ന് രോഹിത് പറഞ്ഞു. "ഭുവനേശ്വറിന് ടീമില്‍ ഇടം നൽകേണ്ടത് പ്രധാനമാണ്. ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഭുവനേശ്വര്‍.
കഴിഞ്ഞ കുറേ വർഷങ്ങളായി മോശം ദിവസങ്ങളേക്കാൾ കൂടുതൽ നല്ല ദിവസങ്ങൾ അവന് ഉണ്ടായിട്ടുണ്ടെന്ന് നമുക്കറിയാം", രോഹിത് പറഞ്ഞു.
"ഞങ്ങൾ ചില പദ്ധതികൾ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുകയാണ്. കൂടുതലായും ഡെത്ത് ഓവറുകളില്‍ അവനെ പന്തേല്‍പ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നേയുള്ളത് പോലെ മികച്ച പ്രകടനം നടത്താന്‍ അവന് കഴിയും", രോഹിത് പറഞ്ഞു.
"ഡെത്ത് ഓവറുകളില്‍ പന്തെറിയുമ്പോൾ ആര്‍ക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാനാണ് ശ്രമിക്കുന്നത്. ഗ്രൗണ്ടിന്‍റെ ഇരുവശങ്ങളിലും ബോള്‍ ചെയ്യാനും അതിനനുസരിച്ച് ഫീൽഡ് ക്രമീകരിക്കാനും നിങ്ങൾക്ക് ഓപ്‌ഷനുകൾ ഉണ്ടായിരിക്കണം. അനുഭവ സമ്പത്തുള്ള ഒരാൾക്ക് ഇത്തരം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും", രോഹിത് കൂട്ടിച്ചേര്‍ത്തു.
ഹര്‍ഷലിനെ വിലയിരുത്താനായിട്ടില്ല: പരിക്കിനെ തുടര്‍ന്നുള്ള നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഹര്‍ഷല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ഓസീസിനെതിരായ മൂന്ന് മത്സരങ്ങളിൽ എട്ട് ഓവറിൽ 99 റൺസാണ് താരം വഴങ്ങിയത്. എന്നാല്‍ ഈ പരമ്പരയോടെ മാത്രം ഹര്‍ഷലിനെ വിലയിരുത്തില്ലെന്നും രോഹിത് വ്യക്തമാക്കി.
"ഹർഷൽ ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. ഇക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. രണ്ട് മാസത്തോളം അവന് ക്രിക്കറ്റ് നഷ്‌ടമായി.
പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ല. ഈ മൂന്ന് മത്സരങ്ങളിലെ പ്രകടനം കൊണ്ട് മാത്രം അവനെ വിലയിരുത്തില്ല. കാരണം അവന്‍റെ ക്വാളിറ്റി എന്താണെന്ന് നമുക്കറിയാം", രോഹിത് വ്യക്തമാക്കി.
"ഈ ടീമിന് വേണ്ടിയും, ഫ്രാഞ്ചൈസിക്ക് വേണ്ടിയും വളരെ കഠിനമായ ചില ഓവറുകൾ അവന്‍ എറിഞ്ഞിട്ടുണ്ട്. ആ വിശ്വാസം തുടർന്നും കാണിക്കേണ്ടത് പ്രധാനമാണ്. തെറ്റുകൾ തിരുത്താൻ അവനും ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. തന്‍റെ മികച്ചതിൽ നിന്ന് അവൻ വളരെ അകലെയല്ല", രോഹിത് കൂട്ടിച്ചേര്‍ത്തു.
also read: IND VS AUS: ഹൈദരാബാദിലെ തകര്‍പ്പന്‍ ജയം; പാകിസ്ഥാന്‍റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യ