നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനം ഇന്ത്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ വിരലിലും പന്തിലും കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ ഐസിസിഐക്ക് മറുപടി നല്‍കി ഇന്ത്യന്‍ മാനേജ്‌മെന്‍റ്. ജഡേജ തന്‍റെ വിരലില്‍ വേദനയ്‌ക്കുള്ള ക്രീം പുരട്ടിയതാണെന്നാണ് ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഇന്ത്യന്‍ മാനേജ്‌മെന്‍റ് അറിയിച്ചിരിക്കുന്നത്.
പന്തെറിയാനെത്തിയ ജഡേജയ്‌ക്ക് സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അത് വിരലിൽ തേക്കുന്നതിന്‍റേയും ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ ജഡേജയ്‌ക്കെതിരെ ആരോപണവുമായി ഓസീസ് മാധ്യമങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, ഓസീസ് ടെസ്റ്റ് ടീം മുന്‍ നായകന്‍ ടിം പെയ്‌ന്‍ എന്നിവര്‍ ഇതേറ്റ് പിടിക്കുകയും ചെയ്‌തു.
ഇക്കാര്യത്തിലാണ് ഇന്ത്യ ഐസിസിക്ക് ഔദ്യോഗികമായി മറുപടി നല്‍കിയിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലും വാർത്തകളിലും ചർച്ചയായെങ്കിലും ഓസ്‌ട്രേലിയൻ ടീം വിഷയം മാച്ച് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നാണ് അറിയാനാവുന്നത്. പരാതി ലഭിച്ചില്ലെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത്തരം സംഭവങ്ങൾ മാച്ച് റഫറിക്ക് സ്വതന്ത്രമായി അന്വേഷിക്കാവുന്നതാണ്.
എന്നാല്‍ പന്തിന്‍റെ അവസ്ഥയെ ബാധിക്കില്ലെന്ന് ഉറപ്പു ലഭിക്കുന്നതിന് ബോളര്‍ അവരുടെ കയ്യില്‍ എന്തെങ്കിലും തരത്തിലുള്ള പദാര്‍ഥം ഉപയോഗിക്കുന്നതിന് മുന്നെ അമ്പയറുടെ അനുമതി നേടണമെന്നാണ് നിയമം. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ജഡേജ പന്തുകൊണ്ട് തകർപ്പൻ പ്രകടനമാണ് കാഴ്‌ചവച്ചത്. 22 ഓവർ എറിഞ്ഞ ജഡേജ 47 റണ്‍സ് വഴങ്ങി അഞ്ച് നിർണായക വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
മാർനസ് ലബുഷെയ്‌ൻ, സ്റ്റീവ് സ്‌മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്‌കോമ്പ്, ടോഡ് മർഫി എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിനെ 177 റണ്‍സില്‍ ഏറിഞ്ഞൊതുക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ജഡേജയ്‌ക്ക് പുറമെ ആര്‍ അശ്വിൻ മൂന്ന് വിക്കറ്റും, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടിയാണ് ഓസീസിന്‍റെ പതനം പൂര്‍ത്തിയാക്കിയത്.
ALSO READ: അതിവേഗം@450 ; വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയെ മറികടന്ന് ആർ അശ്വിൻ