ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യിലെ മിന്നുന്ന ജയത്തോടെ ടീം ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ റെക്കോഡ്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോഡാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഹൈദരാബാദിലെ വിജയത്തോടെ 2022ല്‍ ഇന്ത്യക്ക് 21 ടി20 ജയങ്ങളായി.
ഇതോടെ ചിരവൈരികളായ പാകിസ്ഥാന്‍ ടീം സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. 2021ല്‍ 20 വിജയങ്ങളുമായാണ് പാക് ടീം റെക്കോഡിട്ടത്. ഓസീസിനെതിരെ നാഗ്‌പൂരില്‍ നടന്ന രണ്ടാം ടി20 വിജയത്തോടെ ഇന്ത്യ പാകിസ്ഥാന്‍റെ നേട്ടത്തിന് ഒപ്പമെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സര പരമ്പരയും ടി20 ലോകകപ്പും ഈ വര്‍ഷം ഇന്ത്യ കളിക്കുന്നുണ്ട്. ഇതോടെ ഈ റെക്കോഡില്‍ പാകിസ്ഥാനെ ഇന്ത്യ ബഹുദൂരം പിന്നിലാക്കിയേക്കും.
അതേസമയം ഹൈദരാബാദില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 69 റണ്‍സ്), വിരാട് കോലി (48 പന്തില്‍ 63 റണ്‍സ്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസീസ് ജയിച്ചിരുന്നു. തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.