സിഡ്‌നി : ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസീസിന് വമ്പന്‍ തിരിച്ചടി. പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ക്കസ് സ്റ്റോയ്‌നിസ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പുറത്ത്. സിംബാബ്‌വെയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സര ഏകദിന പരമ്പരയില്‍ മൂന്ന് പേരും കളിച്ചിരുന്നു.
കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് സ്റ്റാർക്ക് സുഖം പ്രാപിക്കുമ്പോൾ മിച്ചൽ മാർഷിന് കണങ്കാലിനാണ് പരിക്ക്. മറുവശത്ത്, ഉദര ഭാഗത്താണ് സ്റ്റോയ്‌നിസിന് പരിക്കേറ്റിരിക്കുന്നത്. ടി20 ലോകകപ്പിന് മുന്‍പ് മൂന്ന് താരങ്ങളും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയ മൂവര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളർ നഥാൻ എല്ലിസ്, ഓൾറൗണ്ടർമാരായ ഡാനിയൽ സാംസ്, സീൻ ആബട്ട് എന്നിവരാണ് സ്‌ക്വഡില്‍ ഇടം പിടിച്ചത്. സ്റ്റോയ്‌നിസ് ലഭ്യമല്ലാത്തതിനാല്‍ ടിം ഡേവിഡിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയേക്കും.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഓസീസും ഇന്ത്യയും പരമ്പര കളിക്കുന്നത്. മൂന്ന് മത്സര പരമ്പര സെപ്‌റ്റംബര്‍ 20ന് മൊഹാലിയിലാണ് ആരംഭിക്കുക. തുടര്‍ന്ന് 23ന് നാഗ്‌പൂരിലും 25ന് ഹൈദരാബാദിലും രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും.
ഓസീസ് ടീം: ആരോൺ ഫിഞ്ച് (സി), സീൻ അബോട്ട്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ആദം സാംപ.
ഇന്ത്യന്‍ ടീം: രോഹിത് ശർമ (സി), കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് , ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.