അഹമ്മദാബാദ് : ക്രിക്കറ്റില്‍ കുറച്ച് കാലത്തെ വരള്‍ച്ചയുടെ കാലം അവസാനിപ്പിച്ച് ഇന്ത്യയ്‌ക്കായി വീണ്ടും റണ്ണടിച്ച് കൂട്ടാന്‍ തുടങ്ങിയിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. കഴിഞ്ഞ ഏഷ്യ കപ്പില്‍ സെഞ്ചുറി നേടി തിരിച്ചുവരവ് പ്രഖ്യാപിച്ച താരം ടി20 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു. പിന്നാലെ ഇന്ത്യ കളിച്ച ഏകദിന പരമ്പരകളിലും 34കാരനായ കോലി തിളങ്ങി.
ഇതിനിടെ റെഡ് ബോള്‍ ക്രിക്കറ്റിലെ താരത്തിന്‍റെ പ്രകടനം ചോദ്യചിഹ്നമായിരുന്നു. കാരണം ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കഴിഞ്ഞ മൂന്നരവര്‍ഷക്കാലം വിരാട് കോലിക്ക് മൂന്നക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ആശങ്കയ്‌ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോലി അറുതി വരുത്തിയിരുന്നു.
ഓസീസ് ബോളര്‍മാരെ ശ്രദ്ധയോടെ നേരിട്ട താരം 364 പന്തുകളില്‍ നിന്നും 184 റണ്‍സ് നേടിയാണ് തിരിച്ച് കയറിയത്. കോലിയുടെ കരിയറിലെ 75ാമത്തെയും ടെസ്റ്റില്‍ 28ാമത്തേയും സെഞ്ചുറിയാണിത്. ഇതിന് മുന്‍പ് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ റണ്‍മെഷീന്‍ എന്ന വിശേഷണമുള്ള കോലി ടെസ്റ്റില്‍ മൂന്നക്കം തൊട്ടത്. തുടര്‍ന്ന് കളിച്ച 41 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 79 റണ്‍സ് കണ്ടെത്തിയതായിരുന്നു കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
എന്നാല്‍ വിരാട് കോലി ഫോമിലല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറയുന്നത്. പലപ്പോഴും തന്‍റെ ആദ്യ പിഴവിൽ തന്നെ പുറത്താവുന്നതായിരുന്നു കോലിക്ക് വിനയായതെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. അഹമ്മദാബാദ് ടെസ്റ്റിന്‍റെ നാലാം ദിനത്തിന്‍റെ അവസാനത്തിൽ സ്റ്റാർ സ്‌പോർട്‌സുമായി സംസാരിക്കവെയാണ് ഗവാസ്‌കറുടെ വാക്കുകള്‍.
"സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചാണ് ഓരോ മികച്ച ബാറ്ററും കളിക്കാനിറങ്ങുന്നത്. അവരെ സംബന്ധിച്ച് സെഞ്ചുറി എന്നത് തന്‍റെ വിക്കറ്റിന്‍റെ ഏറ്റവും കുറഞ്ഞ വിലയാണ്. കഴിഞ്ഞ രണ്ടര വർഷമായി സെഞ്ചുറി നേടാന്‍ കഴിയാതിരുന്നപ്പോഴും വിരാട് കോലി ബാറ്റ് ചെയ്‌ത രീതി മികച്ചതായിരുന്നു.
അവന്‍ ഏഴോ എട്ടോ അർധസെഞ്ചുറികൾ നേടുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ തന്നെ വിരാട് കോലി ഫോമിലല്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. തന്‍റെ ആദ്യ പിഴവിൽ തന്നെ അവന്‍ പുറത്തായി എന്നതുമാത്രമാണ് സംഭവിച്ചിരുന്നത്" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ALSO READ: 6,6,4...! അഹമ്മദാബാദില്‍ ത്രസിപ്പിച്ച് ശ്രീകര്‍ ഭരത്- വീഡിയോ കാണാം
മത്സരത്തില്‍ ഓസീസ് ബോളര്‍മാര്‍ക്കെതിരെ ക്ഷമയോടെ തുടങ്ങിയ താരം നിലയുറപ്പിച്ച് കളിച്ചാണ് സെഞ്ചുറിയിലേക്ക് നീങ്ങിയത്. ഒരു ടെസ്റ്റ് സെഞ്ചുറി ഇങ്ങനെയാണ് നിർമ്മിക്കേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു. "ടെസ്റ്റ് മത്സരത്തില്‍ ഒരു സെഞ്ചുറി ഇങ്ങനെയാണ് നിര്‍മ്മിക്കപ്പെടേണ്ടത്. വളരെ പതുക്കെയാണ് കോലി തുടങ്ങിയത്.
ആദ്യം തന്നെ പിച്ചിന്‍റെ സ്വഭാവവും ബോളര്‍മാരുടെ പദ്ധതിയും അറിയാന്‍ അവന്‍ ശ്രമം നടത്തി. കുറച്ച് ഷോട്ടുകൾ മാത്രമാണ് ആദ്യം കളിച്ചത്. പിന്നീട് സെറ്റ് ചെയ്തതിന് ശേഷം കൂടുതല്‍ ഷോട്ടുകള്‍ കളിച്ചു. കോലി എത്രമാത്രം നിശ്ചയദാർഢ്യത്തില്‍ ആയിരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്" - സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.