അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര തുടര്‍ച്ചയായ നാലാം തവണയും ഇന്ത്യയ്‌ക്ക്. നാല് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് സമനിലയിലായതോടെ 2-1നാണ് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയത്. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തിന്‍റെ മൂന്നാം സെഷനില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയായിരുന്ന ഓസ്‌ട്രേസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ഇരു ടീമും കൈകൊടുത്ത് പിരിഞ്ഞത്.
മാര്‍നസ് ലബുഷെയ്ന്‍ (213 പന്തില്‍ 63), സ്റ്റീവന്‍ സ്‌മിത്ത് ( 59 പന്തില്‍ 10) എന്നിവരാണ് പുറത്താവാതെ നിന്നത്. സ്‌കോര്‍: ഓസ്‌ട്രേലിയ-480, 175/2 , ഇന്ത്യ- 571. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 571 റണ്‍സ് നേടി 91 റണ്‍സിന്‍റെ ലീഡെടുത്താണ് പുറത്തായത്. പുറം വേദനയെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് ബാറ്റുചെയ്യാന്‍ കഴിയാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
മാത്യു കുഹ്‌നെമാന്‍, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് നഷ്‌ടമായത്. വിക്കറ്റ് നഷ്‌ടമില്ലാതെ മൂന്ന് റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ന് ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. കടുത്ത പ്രതിരോധത്തോടെയാണ് ഓസീസ് താരങ്ങള്‍ ബാറ്റ് വീശിയത്.
നൈറ്റ് വാച്ച്‌മാന്‍ മാത്യു കുഹ്‌നെമാനെയാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്. 35 പന്തില്‍ 6 റണ്‍സെടുത്ത താരം അശ്വിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നീട് അക്‌സറിന്‍റെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങും മുമ്പ് 163 പന്തുകളില്‍ 90 റണ്‍സായിരുന്നു ഹെഡിന്‍റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ലബുഷെയ്നൊപ്പം 149 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. 364 പന്തില്‍ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടെസ്റ്റില്‍ താരത്തിന്‍റെ 28ാമത്തേയും അന്താരാഷ്‌ട്ര തലത്തില്‍ 75ാമത്തേയും സെഞ്ചുറിയാണിത്. മൂന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 34കാരനായ കോലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്.
ഇതിന് മുന്നെ 2019 നവംബറിലായിരുന്നു കോലിയുടെ ടെസ്റ്റ് സെഞ്ചുറി നേടിയത്. തുടര്‍ന്ന് 41 ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും 79 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 235 പന്തില്‍ 128 റണ്‍സാണ് ഗില്ലിന് നേടാന്‍ കഴിഞ്ഞത്. 23കാരന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്.
അര്‍ധ സെഞ്ചുറിയുമായി അക്‌സര്‍ പട്ടേലും നിര്‍ണായകമായി. 113 പന്തില്‍ 79 റണ്‍സാണ് അക്‌സറിന്‍റെ സമ്പാദ്യം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ചേതേശ്വര്‍ പുജാര (42), രവീന്ദ്ര ജഡേജ (28), കെഎസ് ഭരത് (44), ആര്‍ അശ്വിന്‍ (7), ഉമേഷ് യാദവ് (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
നാലാം നമ്പറിലെത്തിയ കോലി അവസാന വിക്കറ്റായാണ് തിരിച്ച് കയറിത്. മുഹമ്മദ് ഷമി (0*)പുറത്താവാതെ നിന്നു. നാലാം ദിനം അവസാന സെഷനില്‍ അതിവേഗം റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യയുടെ വാലറ്റത്തെ വിക്കറ്റുകള്‍ വേഗത്തില്‍ നിലം പൊത്തിയത്. ഓസ്‌ട്രേലിയയ്‌ക്കായി നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനും മാത്യൂ കുഹ്‌നെമാനും ഓരോ വിക്കറ്റുണ്ട്.
അതേസമയം ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 422 പന്തില്‍ 180 റണ്‍സാണ് ഖവാജ നേടിയത്. ഇതാദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് ഇന്നിങ്‌സില്‍ ഒരു ഓസീസ് താരം നാന്നൂറോ അതില്‍ അധികമോ പന്തുകള്‍ നേരിടുന്നത്.
170 പന്തുകളില്‍ 114 റണ്‍സായിരുന്നു കാമറൂണ്‍ ഗ്രീന്‍ നേടിയത്. ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ വിരാട് കോലി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആര്‍ അശ്വിനാണ് പരമ്പരയുടെ താരം.
ALSO READ: കളിച്ചത് വില്യംസൺ, അവസാന ഓവറില്‍ ജയിച്ചത് കിവീസ്: ഗുണം ഇന്ത്യയ്ക്ക്