സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളിലും തീര്‍ത്തും നിരാശജനകമായ പ്രകടനമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നടത്തിയത്. രണ്ട് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ 32കാരനായ താരം പുറത്താവുകയായിരുന്നു. ഏതാണ്ട് സമാനമായ രീതിയില്‍ ഓസീസ് പേസര്‍ മിച്ചൽ സ്റ്റാർക്കാണ് സൂര്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കി തിരിച്ച് അയച്ചത്.
ഇതിന് പിന്നാലെ സൂര്യയ്‌ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. നേരിടുന്ന ആദ്യ കുറച്ച് പന്തുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ഫിഞ്ചിന് സൂര്യയോട് പറയാനുള്ളത്.
"മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തുകളിലാണ് രണ്ട് തവണയും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ് പുറത്തായത്. എവിടെയാണ് പന്തെറിയേണ്ടതെന്ന വ്യക്തമായ ധാരണ സ്റ്റാര്‍ക്കിനുണ്ടായിരുന്നു. തന്‍റെ ആദ്യ പന്തുകളിള്‍ക്ക് കൂടുതല്‍ മൂർച്ചയുണ്ടാകണമെന്നും അനവറിയാമായിരുന്നു.
ഇതോടെ നേരിടുന്ന ആദ്യ പന്തുകളില്‍ സൂര്യകുമാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്". ഫിഞ്ച് പറഞ്ഞു. മത്സരശേഷം ഇന്ത്യയുടെ തോൽവിയെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെയാണ് ആരോണ്‍ ഫിഞ്ച് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഉയര്‍ന്ന സൂര്യയ്‌ക്ക് ഏകദിന ഫോർമാറ്റിലേക്ക് തന്‍റെ ഫോം വിവർത്തനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 48 ടി20 മത്സരങ്ങളിൽ നിന്ന് 46.52 എന്ന മികച്ച ശരാശരിയിൽ 1675 റൺസ് അടിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 22 ഏകദിനങ്ങളിൽ നിന്ന് 25.47 ശരാശരിയിൽ 433 റൺസ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ശുഭ്‌മാന്‍ ഗില്‍ നിരാശനാവും: മികച്ച ഫോമിലുള്ള ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിച്ച രണ്ട് ഏകദിന മത്സരങ്ങളിലും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ പ്രകടനത്തില്‍ ശുഭ്‌മാന്‍ ഗില്ലിന് നിരാശയുണ്ടാവുമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. " കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശുഭ്‌മാന്‍ ഗില്‍ ലൂസ് ഷോട്ടുകള്‍ കളിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.
പെട്ടെന്നുള്ള പുറത്താവല്‍ തീര്‍ച്ചയായും മികച്ച ഫോമിലുള്ള താരത്തെ നിരാശപ്പെടുത്തും. അത്ര മികച്ച പന്തുകളിലായിരുന്നില്ല ബാക്ക്‌വാര്‍ഡ് പോയിന്‍റില്‍ ക്യാച്ച് നല്‍കിയുള്ള ഗില്ലിന്‍റെ മടക്കം. ഒരു ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ അത്രമികച്ച പന്തിലാണ് നിങ്ങള്‍ പുറത്തായിരുന്നതെങ്കില്‍ നിങ്ങള്‍ക്കത് അംഗീകരിക്കാം. എന്നാൽ നിങ്ങൾ മികച്ച ഫോമിലായിരിക്കുമ്പോൾ ഇത്തരത്തിലുള്ള പുറത്താവലുകള്‍ തീര്‍ച്ചയായും നിങ്ങളെ നിരാശനാക്കും" അരോണ്‍ ഫിഞ്ച് വ്യക്തമാക്കി.
സൂര്യയ്‌ക്ക് കാര്‍ത്തികിന്‍റെ പിന്തുണ: നേരത്തെ സൂര്യയെ പിന്തണച്ച് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് രംഗത്ത് എത്തിയിരുന്നു. സ്‌റ്റാര്‍ക്കിനെ പുകഴ്‌ത്തിക്കൊണ്ടായിരുന്നു ദിനേശ് കാര്‍ത്തിക് സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കാണ് സൂര്യയെ പുറത്താക്കിയത്.
ക്രീസിലെത്തി നേരിടുന്ന ആദ്യ പന്ത് തന്നെ സ്റ്റാര്‍ക്കിനെപ്പോലെ ഒരു താരത്തിന്‍റേതാവുന്നത് ഏറെ പ്രയാസകരമാണെന്നുമാണ് ദിനേശ് കാര്‍ത്തിക് പറഞ്ഞത്. അതേസമയം രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട സൂര്യകുമാറിന് പകരം ഇന്ത്യയുടെ മധ്യനിരയില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.