ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇന്ത്യയ്‌ക്കായി ശ്രേയസ് അയ്യര്‍ (90 പന്തുകളില്‍ 105), ശുഭ്‌മാന്‍ ഗില്‍ (97 പന്തുകളില്‍ 104) എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് (37 പന്തുകളില്‍ 72*), കെഎല്‍ രാഹുല്‍ (38 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ചുറിയും കണ്ടെത്തി.
അവസാന ഓവറുകളില്‍ കത്തിക്കയറിയ സൂര്യയുടെ പ്രകടനമാണ് ഇന്ത്യയെ 400ന് തൊട്ടടുത്ത് എത്തിച്ചത്. ഇഷാന്‍ കിഷന്‍റെ പ്രകടനവും നിര്‍ണായകമായി. തുടക്കം തന്നെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ ( 12 പന്തുകളില്‍ 8) ഇന്ത്യയ്‌ക്ക് നഷ്‌ടമായിരുന്നു. നാലാം ഓവറിന്‍റെ നാലാം പന്തില്‍ റുതുരാജിനെ ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച ശുഭ്‌മാന്‍ ഗില്ലിനേയും ശ്രേയസ് അയ്യരേയും പിടിച്ച് കെട്ടാന്‍ ഓസീസ് ബോളര്‍മാര്‍ പാടുപെട്ടു. രണ്ടാം വിക്കറ്റില്‍ 200 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. തുടക്കത്തില്‍ ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി. എട്ടാം ഓവറില്‍ ഇന്ത്യ 50 പിന്നിട്ടിരുന്നു. ഇതിന് മഴ മത്സരം തണുപ്പിച്ചെങ്കിലും, ആകാശം തെളിഞ്ഞതോടെ ഗില്‍ ഓസീസ് ബോളര്‍മാരെ പൊള്ളിച്ചു.
ഇതോടെ 13-ാം ഓവറില്‍ ആതിഥേയര്‍ നൂറ് കടന്നു. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിന്‍റെ ആദ്യ പന്തില്‍ സിക്‌സറിന് പറത്തി ശുഭ്‌മാന്‍ ഗില്‍ 37 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ സ്പെൻസർ ജോൺസണിനെ സിക്‌സറടിച്ച് ശ്രേയസും അന്‍പതിലെത്തി. 41 പന്തുകളായിരുന്നു അര്‍ധ സെഞ്ചുറിയിലേക്ക് എത്താന്‍ ശ്രേയസിന് വേണ്ടി വന്നത്. തുടര്‍ന്നും ഓസീസ് ബോളര്‍മാര്‍ക്ക് ഇരുവരും അവസരം നല്‍കാതിരുന്നതോടെ 20-ാം ഓവറില്‍ 150 റണ്‍സ് കടന്ന ഇന്ത്യ 29-ാം ഓവറില്‍ 200 റണ്‍സും പിന്നിട്ടു.
തൊട്ടടുത്ത ഓവറില്‍ ശ്രേയസ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 86 പന്തുകളില്‍ നിന്നാണ് ശ്രേയസ് ഏകദിനത്തിലെ തന്‍റെ മൂന്നാം സെഞ്ചുറി അടിച്ചെടുത്തത്. പരിക്കിനെ തുടര്‍ന്ന് തിരിച്ചെത്തിയ താരത്തിന്‍റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. തുടര്‍ന്നായിരുന്നു ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ ലഭിച്ചത്. സീൻ ആബോട്ടിനെതിരെ സിക്‌സറിനുള്ള ശ്രമം പാളിയതോടെ മാറ്റ് ഷോര്‍ട്ട് പിടികൂടിയ ശ്രേയസിന് മടങ്ങേണ്ടി വന്നു.
11 ബൗണ്ടറികളും മൂന്ന് സിക്‌സുകളുമായിരുന്നു ശ്രേയസിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. പിന്നാലെ 92 പന്തുകളില്‍ നിന്ന് ഏകദിനത്തില്‍ തന്‍റെ ആറാം സെഞ്ചുറി തികച്ച ഗില്ലും വീണു. കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ് ഗില്ലിനെ പിടികൂടിയത്. ആറ് ഫോറുകളും നാല് സിക്‌സറുകളുമാണ് ഗില്ലിന്‍റെ അക്കൗണ്ടിലുള്ളത്.
തുടര്‍ന്ന് ഒന്നിച്ച കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ആക്രണത്തിന്‍റെ പാതയില്‍ തന്നെയായിരുന്നു. ഒടുവില്‍ ഇന്ത്യ 300 കടന്ന 41-ാം ഓവറില്‍ ഇഷാനെ (18 പന്തുകളില്‍ 31) വീഴ്‌ത്തിയ ആദം സാംപ ഓസീസിന് ആശ്വാസം നല്‍കി. ആറാം നമ്പറിലെത്തിയ സൂര്യകുമാര്‍ പതിഞ്ഞ് തുടങ്ങിയെങ്കിലും കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44-ാം ഓവറില്‍ ഗിയര്‍ മാറ്റി. ഗ്രീനിന്‍റെ ആദ്യ നാല് പന്തുകളും അതിര്‍ത്തിക്കപ്പുറമാണ് വിശ്രമിച്ചത്.
ഇതിനിടെ രാഹുല്‍ മടങ്ങിയെങ്കിലും കത്തിക്കയറിയ സൂര്യ 24 പന്തുകളില്‍ നിന്നും അന്‍പതുകടന്നിരുന്നു. സീന്‍ ആബോട്ട് ഏറിഞ്ഞ അവസാന ഓവറിന്‍റെ അവസാന പന്തില്‍ സൂര്യയ്‌ക്ക് സിംഗിള്‍ മാത്രം നേടാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യ 400 തൊടാതിരുന്നത്. ആറ് ബൗണ്ടറികളും ആറ് സിക്‌സും നേടിയ സൂര്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും (9 പന്തുകളില്‍ 13) പുറത്താവാതെ നിന്നു.