കൊളംബൊ: വാര്‍ഷിക കരാറുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മിലുള്ള തര്‍ക്കം മുര്‍ച്ഛിക്കുന്നു. കരാര്‍ പുതുക്കാത്ത കളിക്കാരെ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിപ്പിക്കില്ലെന്ന് ചീഫ് സെലക്ടര്‍ പ്രമോദ വിക്രമസിംഗെ പറഞ്ഞു. പകരം രണ്ടാംനിര ടീമിനെ ഇറക്കുമെന്നും കളിക്കാര്‍ക്ക് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ കരാര്‍ ഒപ്പിട്ട 39 ജൂനിയര്‍ താരങ്ങളില്‍നിന്നും ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് വിക്രമസിംഗെ പറയുന്നത്. അതേസമയം രണ്ട് മാസം മുമ്പാണ് വാര്‍ഷിക കരാറുമായി ബന്ധപ്പെട്ട് കളിക്കാരും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. പ്രതിഫലം 40 ശതമാനത്തിലേറ വെട്ടിക്കുറച്ചതായി ആരോപിച്ച് പ്രധാന താരങ്ങളായ ദിമുത് കരുണരത്‌നെ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ള താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചിരുന്നു.
കൂടുതല്‍ മുതിര്‍ന്ന താരങ്ങള്‍ പുറത്തായപ്പോള്‍ നിരോഷൻ ഡിക്ക്വെല്ല, ധനഞ്ജയ ഡി സിൽവ എന്നിവര്‍ക്ക് ലാഭകരമായ രീതിയിലാണ് കരാര്‍. എ വണ്‍ ഗ്രേഡില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കും 100,000 ഡോളറാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കെത്തുന്നത്.