അഹമ്മദാബാദ്: ഏകദിന ലോകകപ്പ് (Cricket World Cup 2023) ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇന്ത്യയെ (India vs Australia Cricket World Cup 2023 Final) ഭേദപ്പെട്ട നിലയില്‍ എത്തിക്കുന്നതില്‍ വിരാട് കോലിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. 63 പന്തുകളില്‍ നാല് ബൗണ്ടറികളോടെ 54 റണ്‍സാണ് കോലി നേടിയത്. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ മത്സരത്തിലാണ് വിരാട് കോലി ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടുന്നത്.
ഇതോടെ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഒരു അപൂര്‍വ റെക്കോഡും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററെ തേടിയെത്തിയിരിക്കുകയാണ് (Virat Kohli ODI World Cup Record). ഏകദിന ലോകപ്പിന്‍റെ രണ്ട് പതിപ്പുകളില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കിങ് കോലി സ്വന്തമാക്കിയത് (Virat Kohli becomes the first batter to slam five consecutive Fifty plus Scores in ODI World Cup twice).
ഓസീസിനെതിരെ കളിക്കും മുമ്പ് ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ 113 പന്തുകളില്‍ നിന്നും 117 റണ്‍സായിരുന്നു താരം നേടിയത്. ഇതിന് മുന്നെ നെതര്‍ലന്‍ഡ്‌സിനെതിരെ 56 പന്തില്‍ 51, ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 121 പന്തില്‍ 101*, ശ്രീലങ്കയ്‌ക്ക് എതിരെ 94 പന്തില്‍ 88 എന്നിങ്ങനെയും കോലി സ്‌കോര്‍ ചെയ്‌തു.
2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന പതിപ്പിലും തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ കോലി ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടിയിരുന്നു. കോലിയെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിന് (Steve Smith) മാത്രമാണ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. 2015-ലെ പതിപ്പിലായിരുന്നു സ്‌റ്റീവ് സ്‌മിത്ത് റെക്കോഡിട്ടത്. ഇന്ത്യയുടെ ശ്രേയസ് അയ്യരും (2023) ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും (2015) ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ഫിഫ്‌റ്റി പ്ലസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഓസീസിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്തായിരുന്നു. കോലിയെക്കൂടാതെ കെഎല്‍ രാഹുലും ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടി. 107 പന്തില്‍ 66 റണ്‍സാണ് താരം കണ്ടെത്തിയത്. 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പ്രധാന സംഭാവന നല്‍കിയ മറ്റൊരു താരം.
ALSO READ: 'വിരാട് നീ ഞങ്ങളെ അഭിമാനഭരിതരാക്കി' ; കിങ്ങിന് സച്ചിന്‍റെ സ്‌നേഹ സമ്മാനം
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.