പൂനെ: ദക്ഷിണാഫ്രിക്കയുടെ റണ്‍ കൊടുമുടിക്ക് മുകളില്‍ പറക്കാനാവാതെ ചിറകൊടിഞ്ഞുവീണ് കിവികള്‍. ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ മികച്ച ഫോമില്‍ മുന്നേറിയ ന്യൂസിലന്‍ഡിന് ശക്തരായ പ്രോട്ടീസിന് മുന്നില്‍ മുട്ടിടിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 357 റണ്‍സ് മറികടക്കാനെത്തിയ കിവികള്‍ 167 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും (116 പന്തില്‍ 114), റാസി വാൻ ഡെർ ഡസ്സന്‍റെയും (118 പന്തില്‍ 133) എണ്ണം പറഞ്ഞ സെഞ്ചുറികള്‍ക്കൊപ്പം ഡേവിഡ് മില്ലറുടെ അര്‍ധ സെഞ്ചുറി (30 പന്തില്‍ 53) കൂടിയായതോടെയാണ് പ്രോട്ടീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയത്. ഇത് മറികടക്കാനെത്തിയ ന്യൂസിലന്‍ഡിന് മൂന്നാം ഓവര്‍ മുതല്‍ തന്നെ അടിതെറ്റി. മുന്നേറ്റനിര മുതല്‍ വാലറ്റം വരെ ക്രീസില്‍ നിലയുറപ്പിക്കാതെ വന്നുപോയതോടെ കിവികള്‍ പരാജയം സമ്മതിക്കുകയായിരുന്നു.
വീണുടഞ്ഞ് കിവികള്‍: ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഉയര്‍ത്തിയ 357 റണ്‍സ് മറികടക്കാന്‍ ന്യൂസിലന്‍ഡിനായി ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വേയും വില്‍ യങുമാണ് ആദ്യം ക്രീസിലെത്തിയത്. എന്നാല്‍ മൂന്നാം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമിരിക്കെ കോണ്‍വേയെ (2) മടക്കി മാര്‍ക്കോ ജാന്‍സന്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. പിന്നാലെ രചിന്‍ രവീന്ദ്ര ക്രീസിലെത്തി.
കൂറ്റന്‍ സ്‌കോറില്‍ അമ്പരന്ന് അനാവശ്യ ഷോട്ടുകളിലേക്ക് കടന്ന് വിക്കറ്റുകള്‍ വീഴ്‌ത്തരുതെന്ന് ഉറപ്പുള്ളത് കൊണ്ടുതന്നെ ഇരുവരും വളരെ സൂക്ഷ്‌മതയോടെയായിരുന്നു ബാറ്റ് വീശിയത്. അതുകൊണ്ടുതന്നെ സ്‌കോര്‍ബോര്‍ഡിലെ ചലനം കുറവായിരുന്നു. അങ്ങനെയിരിക്കെ ടീം സ്‌കോര്‍ 45 ല്‍ ഇരിക്കെ രചിന്‍ രവീന്ദ്രയെ (9) തിരികെ അയച്ച് ജാന്‍സന്‍ വീണ്ടും അവതരിച്ചു. എന്നാല്‍ പിറകെയെത്തിയ ഡാരില്‍ മിച്ചലിനെ ഒപ്പം കൂട്ടി വില്‍ യങ് ബാറ്റിങിന്‍റെ വേഗതയില്‍ കുറവ് വരാതെ നോക്കി.
എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ അപകടകാരിയായേക്കാവുന്ന യങിനെ (37 പന്തില്‍ 33 റണ്‍സ്) തിരികെ നടത്തിച്ച് ജെറാള്‍ഡ് കോട്‌സി ദക്ഷിണാഫ്രിക്കയ്‌ക്ക് വീണ്ടും താല്‍കാലിക ആശ്വാസം കൊണ്ടുവന്നു. തുടര്‍ന്ന് ന്യൂസിലന്‍ഡ് നായകന്‍ ടോം ലാത്തം (4) എത്തിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഗ്ലെന്‍ ഫിലിപ്‌സും ക്രീസിലെത്തി.
തുടര്‍ന്ന് പൂനെ സ്‌റ്റേഡിയം കണ്ടത് ന്യൂസിലാന്‍ഡ് ബാറ്റര്‍മാരുടെ തകര്‍ച്ചയായിരുന്നു. 19 ആം ഓവറില്‍ മിച്ചലിനെ (24) കേശവ് മഹാരാജ് മടക്കിയയച്ചതോടെയായിരുന്നു ഇത്. ഇതോടെ മിച്ചല്‍ സാന്‍റ്‌നര്‍ (7), ടിം സൗത്തി (7), ജെയിംസ് നീഷം (0), ട്രെന്‍ഡ് ബോള്‍ട്ട് (9), മാറ്റ് ഹെന്‍രി (0) എന്നിവര്‍ ഓരോരുത്തരായി മടങ്ങി. ഗ്ലെന്‍ ഫിലിപ്‌സിന്‍റെ (50 പന്തില്‍ 60) നും ന്യൂസിലാന്‍ഡിനെ രക്ഷിക്കാനായില്ല. അതേസമയം ദക്ഷിണാഫ്രിക്കായി കേശവ് മഹാരാജ് നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും ജെറാള്‍ഡ് കോട്‌സി രണ്ടും കാഗിസോ റബാഡ ഒരു വിക്കറ്റും വീഴ്‌ത്തി.