ഇസ്‌ലാമാബാദ്: സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) തുടക്കം ഗംഭീരമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും മിന്നും വിജയം നേടിയ രോഹിത് ശര്‍മയും ടീമും നിലവിലെ പോയിന്‍റ് ടേബിളില്‍ തലപ്പത്താണുള്ളത്. ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടുമെത്തിയത്.
ഇതിന് മുമ്പ് 2011-ലായിരുന്നു ടൂര്‍ണമെന്‍റിന് ഇന്ത്യ ആതിഥേയരായത്. അന്ന് എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ കിരീടം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ രോഹിത് ശര്‍മയുടെയും സംഘത്തിന്‍റേയും നിലവിലെ പ്രകടനത്തോടെ ഇന്ത്യയ്‌ക്ക് 2011 ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ തുടങ്ങിയതായി തുറന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ഷൊയ്‌ബ് അക്തർ (Shoaib Akhtar on Indian team In Cricket World Cup 2023).
സെമിഫൈനലില്‍ കലമുടച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് കിരീടമുയര്‍ത്താന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. "2011-ലെ ലോകകപ്പിന്‍റെ ആ ചരിത്രം ഇന്ത്യ ആവർത്തിക്കാൻ പോകുകയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. സെമി ഫൈനലില്‍ അവർ കലമുടച്ചില്ലെങ്കില്‍, ഈ ലോകകപ്പ് വിജയിക്കാനുള്ള എല്ലാ കരുത്തും ഇന്ത്യയ്‌ക്കുണ്ട്.
അതിനാല്‍ തന്നെ തങ്ങളുടെ മികവ് ഇന്ത്യ ആവര്‍ത്തിക്കേണ്ടതുണ്ട്. ഇതുവരെ അത്ഭുതകരമായ പ്രകടനങ്ങളാണ് അവര്‍ നടത്തിയത്. നിങ്ങള്‍ ഞങ്ങളെ തകര്‍ക്കുകയും നിരാശപ്പെടുത്തുകയും ചെയ്‌തു"- ഷൊയ്‌ബ് അക്തര്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
രോഹിത് ശര്‍മ വണ്‍മാന്‍ ആര്‍മി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനം പാകിസ്ഥാന്‍ ബോളര്‍മാരെ നാണം കെടുത്തുന്നതായിരുന്നുവെന്നും ഷൊയ്‌ബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു (Shoaib Akhtar on Rohit Sharma). "പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുമുണ്ടായത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു. പാകിസ്ഥാനെ പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
രോഹിത് ശര്‍മ ശരിക്കുമൊരു വണ്‍മാന്‍ ആര്‍മിയാണ്. വ്യത്യസ്‌തങ്ങളായ ഷോട്ടുകള്‍ കളിച്ചാണ് രോഹിത് ഓരോ റണ്‍സും നേടുന്നത്. തീര്‍ച്ചയായും അയാളൊരു കംപ്ലീറ്റ് ബാറ്ററാണ്.
പാക് ബോളിങ് ആക്രമണത്തെ നാണം കെടുത്തുന്ന തരത്തിലൊരു ഇന്നിങ്‌സായിരുന്നു അവന്‍ കളിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയാതിരുന്നതില്‍ ഇപ്പോള്‍ അവന്‍ പകരം വീട്ടുകയാണ്. ബാറ്റിങ്ങില്‍ രോഹിത് വീണ്ടും താളം കണ്ടെത്തിയത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്' - ഷൊയ്‌ബ് അക്തർ പറഞ്ഞു.
അതേസമയം പാകിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയമായിരുന്നു ഇന്ത്യ നേടിയത് (India vs Pakistan). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം നേടി. 63 പന്തില്‍ ആറ് വീതം ഫോറുകളും സിക്‌സുകളും സഹിതം 86 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.