അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില്‍ 300 സിക്‌സറുകളെന്ന നാഴികകല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ( Rohit Sharma ODI sixes). ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനത്തോടെയാണ് രോഹിത് നിര്‍ണായക നേട്ടം സ്വന്തമാക്കിയത് (India vs Pakistan Cricket World Cup 2023 match). ഈ മത്സരത്തിനിറങ്ങും മുമ്പ് പ്രസ്‌തുത നേട്ടത്തിലേക്ക് വെറും മൂന്ന് സിക്‌സറുകളുടെ ദൂരം മാത്രമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനുണ്ടായിരുന്നത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ ഒമ്പതാം ഓവര്‍ കടക്കും മുമ്പ് ഹിറ്റ്‌മാന്‍ മൂന്ന് സിക്‌സറുകള്‍ പറത്തുകയും ചെയ്‌തു. ഏകദിനത്തില്‍ 300 സിക്‌സറുകള്‍ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. (Rohit Sharma 1st Indian to hit 300 ODI sixes). അന്താരാഷ്‌ട്ര തലത്തില്‍ നേരത്തെ വെറും രണ്ട് താരങ്ങള്‍ മാത്രമാണ് പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
പാകിസ്ഥാന്‍റെ ഷാദിഹ് അഫ്രീദി (Shahid Afridi) 398 മത്സരങ്ങളില്‍ നിന്നും 351 സിക്‌സറുകള്‍, വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍ ( Chris Gayle) 301 മത്സരങ്ങളില്‍ നിന്നും 331 സിക്‌സറുകള്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടം ലോകകപ്പിലെ അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ സ്വന്തമാക്കിയിരുന്നു.
ALSO READ: India vs Pakistan പവർ പ്ലേയില്‍ 'സിക്‌സർ' മറന്ന് പാക് പട, ഇതൊക്കെ എന്തെന്ന് രോഹിത്...
ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 553 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയിലിന്‍റെ റെക്കോഡായിരുന്നു ഹിറ്റ്‌മാന്‍ പഴങ്കഥയാക്കിയത്. അഫ്‌ഗാനെതിരായ മത്സരത്തില്‍ പുറത്താവുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 556 സിക്‌സറുകളായിരുന്നു രോഹിത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്. 524 മത്സരങ്ങളില്‍ നിന്നും 476 സിക്‌സറുകളാണ് അഫ്രീദി അടിച്ചെടുത്തത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ): അബ്‌ദുള്ള ഷഫീഖ്, ഇമാം ഉൽ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്‌വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്‌തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.