അഹമ്മദാബാദ്: പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് (Shaheen Shah Afridi) ഓവര്‍ ഹൈപ്പ് നല്‍കുന്നുവെന്ന വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി (Ravi Shastri). ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിനിടെയുള്ള കമന്‍ററിക്കിടെയാണ് രവി ശാസ്‌ത്രിയുടെ വാക്കുകള്‍. ഷഹീൻ ഒരു നല്ല കളിക്കാരനാണ് (Ravi Shastri on Shaheen Shah Afridi). എന്നാല്‍ വസീം അക്രത്തെപ്പോലെ (Wasim Akram) 'അസാമാന്യ' കളിക്കാരനല്ലെന്ന കാര്യം നമ്മൾ സമ്മതിക്കണമെന്നാണ് 61-കാരനായ രവി ശാസ്‌ത്രി പറയുന്നത്.
"ഷഹീൻ ഒരു നല്ല ബോളറാണ്, ന്യൂബോളില്‍ വിക്കറ്റ് വീഴ്‌ത്താനും അവന് കഴിയും. പക്ഷേ നമ്മൾ അവനെ ഇത്രയധികം ഹൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഒരു കളിക്കാരൻ കേവലം, നല്ല കളിക്കാരനാണെങ്കിൽ അവൻ ഒരു നല്ല കളിക്കാരനാണെന്ന് പറയുന്നതിൽ നമ്മുടെ പ്രശംസ പരിമിതപ്പെടുത്തണം.
ഷഹീൻ വസീം അക്രമല്ല. അവൻ ഒരു 'അസാമാന്യ' ബോളറല്ല, നല്ല ബോളറാണ് അത് നമ്മൾ സമ്മതിക്കണം" രവി ശാസ്‌ത്രി പറഞ്ഞു. നസീം ഷാ ഇല്ലാത്ത പാക് പേസ് യൂണിറ്റിന് മൂര്‍ച്ച കുറവാണെന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.
-
just Ravi Shastri casually toasting opposition 😂 pic.twitter.com/9lxptlI2pL
— sar (@sarxsxs) October 14, 2023 " class="align-text-top noRightClick twitterSection" data="
">just Ravi Shastri casually toasting opposition 😂 pic.twitter.com/9lxptlI2pL
— sar (@sarxsxs) October 14, 2023just Ravi Shastri casually toasting opposition 😂 pic.twitter.com/9lxptlI2pL
— sar (@sarxsxs) October 14, 2023
പാക് പേസ് നിരയുടെ കുന്തമുനയായ ഷഹീന്‍ ഷാ അഫ്രീദി ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളര്‍മാരില്‍ ഒരാളെന്ന വിശേഷണവുമായി ആയിരുന്നു ലോകകപ്പിന് എത്തിയത്. പക്ഷെ, ടൂര്‍ണമെന്‍റില്‍ കാര്യമായ പ്രകടനം ഇതേവരെ നടത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഷഹീന്‍ ആറ് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിടാന്‍ 23-കാരന് കഴിഞ്ഞിരുന്നില്ല. അതേസമയം മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ഇതോടെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയി.
ക്യാപ്റ്റന്‍ ബാബര്‍ അസം (58 പന്തില്‍ 50), മുഹമ്മദ് റിസ്‌വാന്‍ (69 പന്തില്‍ 49), ഇമാം ഉല്‍ ഹഖ് (38 പന്തില്‍ 36) എന്നിവരുടെ പ്രകടനമാണ് പാക് ടീമിന് നിര്‍ണായകമായത്. ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ് അയല്‍ക്കാരെ സമ്മര്‍ദത്തിലാക്കിയത്. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും രണ്ട് വിക്കറ്റുകള്‍ വീതമുണ്ട്.
മറുപടിക്കിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 192 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 63 പന്തില്‍ 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചത്. 62 പന്തില്‍ 53 റണ്‍സടിച്ച് പുറത്താവാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനവും നിര്‍ണായകമായി.