ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ത്രില്ലര്‍ മാച്ചില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ പ്രോട്ടീസ് 47.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയലക്ഷ്യത്തില്‍ എത്തിയത്. അവസാന വിക്കറ്റില്‍ കേശവ് മഹാരാജും തബ്രിസ് ഷംസിയും ചേര്‍ന്നാണ് പ്രോട്ടീസിന് ജയം സമ്മാനിച്ചത്. അവസാന വിക്കറ്റിനായി കിണഞ്ഞു പരിശ്രമിച്ച പാകിസ്ഥാനെ നിരാശരാക്കി കേശവ് മഹാരാജിന്‍റെ ബൗണ്ടറിയിലൂടെ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ വിജയക്കുതിപ്പ് തുടരുകയായിരുന്നു (Pakistan vs South Africa Match Result Cricket World Cup 2023).
മത്സരത്തില്‍ 91 റണ്‍സ് നേടിയ എയ്‌ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 93 പന്തുകളില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് മാര്‍ക്രത്തിന്‍റെ ഇന്നിങ്‌സ്. ലോകകപ്പില്‍ കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം തിളങ്ങിയ എയ്‌ഡന്‍ മാര്‍ക്രം തന്‍റെ മിന്നും ഫോം ഇക്കളിയിലും ആവര്‍ത്തിച്ചു. മാര്‍ക്രം മാത്രമാണ് അര്‍ധസെഞ്ച്വറി നേടിയതെങ്കിലും മറ്റുളള പ്രധാന ബാറ്റര്‍മാരെല്ലാം രണ്ടക്കം കടന്ന് പ്രോട്ടീസ് സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി.
നായകന്‍ ടെംബ ബാവുമ(28), ക്വിന്‍റണ്‍ ഡികോക്ക്(24), റാസി വാന്‍ഡെര്‍ ദസന്‍(21), ഡേവിഡ് മില്ലര്‍(29), മാര്‍കോ ജാന്‍സണ്‍(20) എന്നിവരാണ് വലിയ സ്‌കോറുകള്‍ കണ്ടെത്താനാകാതെ മടങ്ങിയത്. പാകിസ്ഥാനായി ഷഹീന്‍ ആഫ്രീദി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍, ഉസ്‌മ മിര്‍ ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
അതേസമയം ലോകകപ്പില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നായി നാലാം തോല്‍വിയാണ് പാകിസ്ഥാന്‍ ഇന്ന് ഏറ്റുവാങ്ങിയത്. ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്ന പാക് ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമല്ലാത്തെ പ്രകടനം കാഴ്‌ചവച്ചാണ് തോറ്റത്.
നേരത്തെ ആദ്യ ബാറ്റിങ്ങില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടപ്പെട്ട പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം (65 പന്തില്‍ 50), സൗദ് ഷക്കീല്‍ (52 പന്തില്‍ 52), ഷദാബ് ഖാന്‍ (36 പന്തില്‍ 43) എന്നിവരുടെ ഇന്നിങ്ങ്‌സുകളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. 38 റണ്‍സിനിടെ അബ്ദുള്ള ഷഫീഖിനെയും (17 പന്തില്‍ 9) മറ്റൊരു ഓപ്പണറായ ഇമാം ഉൾ ഹഖിനേയും (18 പന്തില്‍ 12) പാകിസ്ഥാന് നഷ്‌ടപ്പെട്ടിരുന്നു. ഇരുവരെയും മാര്‍ക്കോ ജാന്‍സനാണ് മടക്കിയത്.
പിന്നീട് ഒന്നിച്ച മുഹമ്മദ് റിസ്‌വാന്‍ -ബാബര്‍ സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പാക് സ്‌കോര്‍ 86 റണ്‍സില്‍ എത്തിയ സമയത്താണ് റിസ്‌വാന്‍റെ പുറത്താവല്‍. വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കയ്യിലെത്തിച്ച് ജെറാൾഡ് കോറ്റ്‌സിയാണ് പ്രോട്ടീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ഇഫ്‌തിഖര്‍ അഹമ്മദ് ബാബറിന് പിന്തുണ നല്‍കിയെങ്കിലും 21 റണ്‍സില്‍ നില്‍ക്കേ ഷംസിയുടെ പന്തില്‍ ക്ലാസന്‍ ക്യാച്ചെടുത്ത് പുറത്തായി.
അധികം വൈകാതെ ബാബറിന്‍റെ ചെറുത്ത് നില്‍പ്പ് ഷംസി അവസാനിപ്പിച്ചതോടെ പാകിസ്ഥാന്‍ 27.5 ഓവറില്‍ അഞ്ചിന് 141 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സൗദ് ഷക്കീലും ഷദാബ് ഖാനും ചേര്‍ന്ന് കൂട്ടത്തകര്‍ച്ച ഒഴിവാക്കി. ആറാം വിക്കറ്റില്‍ 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്.
ജെറാൾഡ് കോറ്റ്‌സി എറിഞ്ഞ 40-ാം ഓവറിന്‍റെ നാലാം പന്തില്‍ ഷദാബിനെ കേശവ് മഹാരാജ് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഷദാബ് പുറത്തായ സമയത്ത് പാക് സ്‌കോര്‍ 225 റണ്‍സില്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ 240ല്‍ നില്‍ക്കെ സൗദ് ഷക്കീലും പുറത്തായതോടെ വാലറ്റ നിര ചേര്‍ന്നാണ് പാകിസ്ഥാന്‍ സ്‌കോര്‍ 270ല്‍ എത്തിച്ചത്.
പ്രോട്ടീസിനായി തബ്രിസ് ഷംസി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. മാര്‍ക്കോ ജാന്‍സന് മൂന്ന് വിക്കറ്റുണ്ട്.