കൊല്‍ക്കത്ത: തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്കൊടുവില്‍ വിജയക്കാറ്റ് ശ്വസിച്ച് പാകിസ്ഥാന്‍. ബംഗ്ലാദേശിന്‍റെ കിരീടവഴിയില്‍ കാരമുള്ളുകള്‍ വിതറിയാണ് പാകിസ്ഥാന്‍ വിജയിച്ചുകയറിയത്. 45.1 ഓവറില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 204 റണ്‍സ്, 33 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ അവശേഷിക്കെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന്‍റേത് മോശം തുടക്കമായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ മുന്നേറ്റനിരയിലെ പേരുകേട്ട ബാറ്റര്‍മാരെല്ലാം നഷ്‌ടമായി 23 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടം എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ ഇതിന് വിപരീതമായി ആദ്യ പന്തുകളില്‍ തന്നെ ഡബിള്‍ ഓടി സ്‌കോറിങ്ങിലെ ധൃതി വ്യക്തമാക്കിയായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റുവീശിയത് തന്നെയാണ് പാകിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായതും.
ഓപ്പണിങ് കലക്കി, വിജയം അടുത്തു: ബംഗ്ലാദേശിന്‍റെ കുഞ്ഞന്‍ സ്‌കോര്‍ മറികടക്കാന്‍ പാകിസ്ഥാനായി ഓപ്പണര്‍മാരായ അബ്‌ദുള്ള ഷഫീഖും ഫഖര്‍ സമാനുമാണ് ക്രീസിലെത്തിയത്. ഇരുവരും മികച്ച രീതിയില്‍ തന്നെ ബാറ്റുവീശിയതോടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു. കളി വേഗത്തില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് മികച്ചതാക്കുക എന്നതായിരുന്നു പാകിസ്ഥാന്‍റെ ലക്ഷ്യം. ഈ സമയമത്രയും ഓപ്പണര്‍മാരില്‍ ഒരാളെയെങ്കിലും വീഴ്‌ത്തി താല്‍കാലിക ആശ്വാസം കണ്ടെത്താന്‍ ബംഗ്ലാദേശ് ശ്രമിച്ചുകൊണ്ടേയിരുന്നു.
ഇന്നും മിന്നാതെ ബാബര്‍: അങ്ങനെയിരിക്കെ 22 ആം ഓവറില്‍ അബ്‌ദുള്ള ഷഫീഖിനെ (69 പന്തില്‍ 68 റണ്‍സ്) ലെഗ് ബൈ വിക്കറ്റില്‍ കുരുക്കി മെഹിദി ഹസനാണ് ഈ ആശ്വാസ ബ്രേക്ക് ത്രൂ കണ്ടെത്തിയത്. തൊട്ടുപിന്നാലെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എത്തിയതോടെ സ്‌കോര്‍കാര്‍ഡ് ഒന്നുകൂടെ കൊഴുക്കുമെന്ന് പാക് ആരാധകരും പ്രതീക്ഷിച്ചു. എന്നാല്‍ 16 പന്തുകള്‍ക്കിപ്പുറം ബാബര്‍ തിരിച്ചുകയറി. കേവലം ഒമ്പത് റണ്‍സ് മാത്രമായിരുന്നു പാക് നായകന്‍റെ സമ്പാദ്യം. ഇതോടെ മുഹമ്മദ് റിസ്‌വാന്‍ ക്രീസിലെത്തി.
പാക് വിജയം: രണ്ട് ഓവറുകള്‍ക്കിപ്പുറം തകര്‍ത്തടിച്ചിരുന്ന ഫഖര്‍ സമാനും മെഹിദി ഹസന്‍ മിറാസിന്‍റെ പന്തില്‍ തിരിച്ചുനടന്നു. മഹ്‌മൂദുള്ളയുടെ കൈകളില്‍ ഒതുങ്ങുമ്പോള്‍ 74 പന്തില്‍ 81 റണ്‍സായിരുന്നു ഫഖര്‍ സമാന്‍ ടീമിനായി നേടിയത്. പിന്നാലെ ക്രീസിലെത്തിയ ഇഫ്‌തിഖര്‍ അഹ്‌മദിനെയും കൂടെക്കൂട്ടി മുഹമ്മദ് റിസ്‌വാന്‍ 99 പന്തുകള്‍ അവശേഷിക്കെ തന്നെ പാകിസ്ഥാനെ വിജയതീരത്തെത്തിച്ചു.
അതേസമയം ബംഗ്ലാദേശ് ബോളിങ് നിര മോശം പ്രകടനമാണ് കാഴ്‌ചവച്ചത്. ഒമ്പത് ഓവറുകളില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മെഹിദി ഹസന്‍ മിറാസ് മാത്രമാണ് ബംഗ്ലാ നിരയില്‍ വിക്കറ്റ് വീഴ്‌ത്തിയത്.