ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) ന്യൂസിലന്‍ഡിനെതിരെ അഫ്‌ഗാനിസ്ഥാന് 289 റണ്‍സിന്‍റെ വിജയ ലക്ഷ്യം (New Zealand vs Afghanistan Score updates). ചെപ്പോക്കില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 288 റണ്‍സ് നേടിയത്. 80 പന്തില്‍ 71 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.
വില്‍ യങ് (64 പന്തില്‍ 54), ക്യാപ്റ്റന്‍ ടോം ലാഥം (74 പന്തില്‍ 68) എന്നിവര്‍ക്ക് പുറമെ അവസാന ഓവറുകളില്‍ ആളിക്കത്തിയ മാര്‍ക്ക് ചാപ്‌മാനും (12 പന്തില്‍ 25*) ടീമിന് നിര്‍ണായകമായി. ഭേദപ്പെട്ട തുടക്കത്തിന് ശേഷം തകര്‍ച്ചയിലേക്ക് നീങ്ങിയ കിവീസിനെ ക്യാപ്റ്റന്‍ ടോം ലാഥവും ഗ്ലെൻ ഫിലിപ്‌സും ചേര്‍ന്നാണ് ട്രാക്കിലാക്കിയത്.
ഓപ്പണര്‍മാരായ ഡെവോൺ കോൺവേയും വിൽ യങ്ങും ചേര്‍ന്ന് 6.3 ഓവറില്‍ 30 റണ്‍സ് നേടി. ഡെവോൺ കോൺവേയെ (18 പന്തില്‍ 20) വിക്കറ്റ് മുന്നില്‍ കുരുക്കി മുജീബ് ഉർ റഹ്മാനാണ് കിവീസിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. തുടര്‍ന്ന് എത്തിയ രചിന്‍ രവീന്ദ്ര, വില്‍ യങ്ങിനൊപ്പം 72 റണ്‍സ് ചേര്‍ത്ത് മടങ്ങുമ്പോള്‍ 20.2 ഓവറില്‍ രണ്ടിന് 109 റണ്‍സ് എന്ന നിലയിലായിരുന്നു ബ്ലാക്ക് ക്യാപ്‌സ്.
അസ്മത്തുള്ള ഒമർസായിയുടെ പന്തില്‍ ബൗള്‍ഡായാണ് രചിന്‍ രവീന്ദ്ര (41 പന്തില്‍ 31) പുറത്തായത്. ഈ ഓവറില്‍ തന്നെ വില്‍ യങ്ങിനെ ഇക്രാം അലിഖിൽ പിടികൂടുകയും ഡാരില്‍ മിച്ചലിന് (7 പന്തില്‍ 1) പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്‌തതോടെ ന്യൂസിലന്‍ഡ് 21.4 ഓവറില്‍ 110ന് നാല് എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. തുടര്‍ന്നായിരുന്നു ടോം ലാഥത്തിന്‍റെയും ഗ്ലെൻ ഫിലിപ്‌സിന്‍റേയും രക്ഷാ പ്രവര്‍ത്തനം.
അഞ്ചാം വിക്കറ്റില്‍ 144 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരങ്ങള്‍ ഉയര്‍ത്തിയത്. ഏറെ ശ്രദ്ധയോടെ കളിച്ച ഇരുവരേയും പിരിക്കാന്‍ അഫ്‌ഗാന്‍ ബോളര്‍മാര്‍ പാടുപെട്ടു. ഒടുവില്‍ 48-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഗ്ലെൻ ഫിലിപ്‌സിനെ റാഷിദ് ഖാന്‍റെ കയ്യില്‍ എത്തിച്ച് നവീന്‍ ഉല്‍ ഹഖാണ് അഫ്‌ഗാന് ആശ്വാസം നല്‍കിയത്.
നാല് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഒരു പന്തിനപ്പുറം ലാഥത്തെ നവീന്‍ ബൗള്‍ഡാക്കുകയും ചെയ്‌തു. അവസാന ഓവറുകളില്‍ മാർക്ക് ചാപ്മാൻ ആക്രമിക്കുകയും, മിച്ചൽ സാന്‍റ്‌നര്‍ ( 5 പന്തില്‍ 7*) കൂട്ടുനില്‍ക്കുകയും ചെയ്‌തതും കിവീസിന് മുതല്‍ക്കൂട്ടായി. അഫ്‌ഗാനായി നവീൻ ഉൽ ഹഖും അസ്മത്തുള്ള ഒമർസായിയും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
ന്യൂസിലൻഡ് (പ്ലെയിങ് ഇലവൻ) : ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രാം അലിഖിൽ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.