ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് 274 റണ്‍സ് വിജയ ലക്ഷ്യം (India vs New Zealand Score updates). ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലും Daryl Mitchell (127 പന്തില്‍ 130) അര്‍ധ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുമാണ് Rachin Ravindra (87 പന്തില്‍ 75) കിവീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ലായത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി (Mohammed Shami) 10 ഓവറില്‍ 54 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
സ്‌കോര്‍ ബോര്‍ഡില്‍ വെറും 19 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഡെവോൺ കോൺവേ, വിൽ യങ് എന്നിവരെ നഷ്‌ടപ്പെട്ട ന്യൂസിലന്‍ഡിന്‍റെ തുടക്കം പാളി. മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഡെവോൺ കോൺവേയെ ശ്രേയസ് അയ്യര്‍ സ്ക്വയര്‍ ലെഗില്‍ പിടികൂടി. ഒമ്പത് പന്തുകള്‍ നേരിട്ടെങ്കിലും കോണ്‍വേയ്‌ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
കിവീസ് ഇന്നിങ്‌സിന്‍റെ ആദ്യ എട്ട് ഓവറുകള്‍ ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് എറിഞ്ഞത്. ഒമ്പതാം ഓവര്‍ മുഹമ്മദ് ഷമിയ്‌ക്കാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത്. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി തന്‍റെ ആദ്യ പന്തില്‍ തന്നെ വില്‍ യങ്ങിന്‍റെ (27 പന്തില്‍ 17) കുറ്റിയിളക്കി പ്രതികാരം ചെയ്‌തു.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവീസിന് അടിത്തറയൊരുക്കി. ഷമിയുടെ തൊട്ടടുത്ത ഓവറില്‍ തന്നെ രചിനെ മടക്കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും പോയിന്‍റില്‍ ലഭിച്ച അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ നിലത്തിട്ടു. പിന്നീട് ഏറെ ശ്രദ്ധയോടെയാണ് ഇരുവരും കിവീസ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.
കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കുന്നതും കാണാനായി. ഒടുവില്‍ 34-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ രചിനെ ശുഭ്‌മാന്‍ ഗില്ലിന്‍റെ കയ്യിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ 159 റണ്‍സാണ് രചിനും മിച്ചലും ചേര്‍ന്ന് കിവീസ് ടോട്ടലില്‍ ചേര്‍ത്തത്. ഇതിനിടെ ഡാരില്‍ മിച്ചലിന് രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ജീവന്‍ നല്‍കിയത്. ആദ്യം ജഡേജയുടെ പന്തില്‍ കെഎല്‍ രാഹുലും പിന്നീട് കുല്‍ദീപിന്‍റെ പന്തില്‍ ജസ്‌പ്രീത് ബുംറയുമാണ് മിച്ചലിനെ കയ്യഴിച്ച് സഹായിച്ചത്.
പിന്നീട് ഡാരില്‍ മിച്ചല്‍ ഒരറ്റത്ത് നിന്നെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്താണ് കിവീസിനെ മൂന്നൂറിന് താഴെ പിടിച്ച് നിര്‍ത്തിയത്. ടോം ലാഥം (7 പന്തില്‍ 5), ഗ്ലെന്‍ ഫിലിപ്‌സ് (26 പന്തില്‍ 23) എന്നിവരെ കുല്‍ദീപും മാര്‍ക്ക് ചാപ്‌മാനെ (8 പന്തില്‍ 6) ബുംറയും മടക്കി. മിച്ചല്‍ സാന്‍റ്‌നല്‍ (2 പന്തില്‍ 1), മാറ്റ് ഹെൻറി (1 പന്തില്‍ 0) എന്നിവരെ തൊട്ടടുത്ത പന്തുകളില്‍ ഷമി ബൗള്‍ഡൗക്കി. അവസാന ഓവറിന്‍റെ അഞ്ചാം പന്തില്‍ മിച്ചലിന്‍റെ പോരാട്ടവും അവസാനിപ്പിച്ച ഷമി അഞ്ച് വിക്കറ്റ് തികച്ചു. അവസാന പന്തില്‍ ലോക്കി ഫെര്‍ഗൂസണ്‍ റണ്ണൗട്ടാവുകയും ചെയ്‌തതോടെയാണ് കിവീസ് ഓള്‍ ഔട്ടായത്.
ALSO READ: Mohammed Shami : ആദ്യ പന്തില്‍ വിക്കറ്റ്; തിരിച്ചുവരവില്‍ ഷമിയുടെ തകര്‍പ്പന്‍ പ്രതികാരം