ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 410 റണ്‍സാണ് അടിച്ച് കൂട്ടിയത് (India vs Netherlands Score Updates). ദീപാവലി ദിനത്തില്‍ ഗില്ലും രോഹിത്തും തുടങ്ങി വച്ച വെടിക്കെട്ട് തുടര്‍ന്നെത്തിയവരും ഏറ്റുപിടിച്ചതോടെയാണ് ഇന്ത്യ ഹിമാലയന്‍ സ്‌കോറിലേക്ക് എത്തിയത്.
94 പന്തില്‍ 128 റണ്‍സടിച്ച ശ്രേയസ് അയ്യരാണ് (Shreyas Iyer) ടീമിന്‍റെ ടോപ് സ്‌കോറര്‍. കിടുക്കാച്ചി സെഞ്ചുറിയുമായി കെഎല്‍ രാഹുലും (KL Rahul) കളം നിറഞ്ഞു. 64 പന്തില്‍ 102 റണ്‍സാണ് താരം നേടിയത്. ഗില്‍, രോഹിത്, കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളും ടീമിന് മുതല്‍ക്കൂട്ടായി.
തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ചിന്നസ്വാമിയില്‍ ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തിയ ഗില്ലിനൊപ്പം രോഹിത്തും പിടിച്ചതോടെ നെതര്‍ലന്‍ഡ്‌സ് ബോളര്‍മാര്‍ വിയര്‍ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. 12-ാം ഓവറില്‍ ഇന്ത്യ 100 റണ്‍സിലെത്തി.
പക്ഷെ, ഇതേ ഓവറില്‍ ഗില്ലിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 32 പന്തില്‍ മൂന്ന് ഫോറുകളും നാല് സിക്‌സുകളും സഹിതം 51 റണ്‍സെടുത്ത ഗില്ലിനെ പോൾ വാൻ മീകെരെനാണ് വീഴ്‌ത്തിയത്. തുടര്‍ന്നെത്തിയ കോലിയെ സാക്ഷിയാക്കി 44 പന്തുകളില്‍ നിന്നും രോഹിത്തും അര്‍ധ സെഞ്ചുറിയിലേക്ക് എത്തി. എന്നാല്‍ റണ്‍റേറ്റുയര്‍ത്താനുള്ള ശ്രമത്തിനിടെ അധികം വൈകാതെ രോഹിത്തും വീണു.
54 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 61 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ ബാസ് ഡി ലീഡാണ് പുറത്താക്കിയത്. തുടര്‍ന്ന് ഒന്നിച്ച വിരാട് കോലി-ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. 22-ാം ഓവറില്‍ ഇന്ത്യ 150-ലേക്ക് എത്തി. 28-ാം ഓവറില്‍ 53 പന്തുകളില്‍ നിന്നും കോലി അര്‍ധ സെഞ്ചുറി തികച്ചു.
താരത്തിന്‍റെ 71-ാം ഏകദിന അര്‍ധ സെഞ്ചുറിയാണിത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ കോലി മടങ്ങി. 56 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്ത കോലിയെ റോലോഫ് വാൻ ഡെർ മെർവെ ബൗള്‍ഡാക്കുകയായിരുന്നു. കോലി മടങ്ങുമ്പോള്‍ 28.4 ഓവറില്‍ മൂന്നിന് 200 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീടെത്തിയ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും നെതര്‍ലന്‍ഡ്‌സ് ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു. ഇതോടെ ഇന്ത്യന്‍ ടോട്ടലിലേക്ക് റണ്‍സ് ഒഴുകി. പതിഞ്ഞ് തുടങ്ങിയ ശ്രേയസ് 49 പന്തുകളിലാണ് അര്‍ധ സെഞ്ചുറിയിലേക്ക് എത്തുന്നത്. ആകെ 84 പന്തുകളില്‍ നിന്നും താരം സെഞ്ചുറിയിലേക്ക് എത്തി. ഇതിനിടെ 40 പന്തുകളില്‍ നിന്നും രാഹുലും അര്‍ധ സെഞ്ചുറി തികച്ചിരുന്നു. തുടര്‍ന്ന് മൂന്നക്കം തൊടാന്‍ ആകെ 62 പന്തുകളാണ് രാഹുലിന് വേണ്ടി വന്നത്.
ALSO READ: ഗാംഗുലിയുടെ ആ റെക്കോഡ് ഇനി ഇല്ല ; കോലിക്ക് കഴിയാത്തത് ഹിറ്റ്‌മാന്‍ നേടിയെടുത്തു
അവസാന ഓവറിന്‍റെ അഞ്ചാം പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. 11 ബൗണ്ടറികളും നാല് സിക്‌സറുകളുമാണ് താരം നേടിയത്. നാലാം വിക്കറ്റില്‍ വെറും 128 പന്തുകളില്‍ നിന്നും 208 റണ്‍സാണ് രാഹുലും ശ്രേയസും ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും നേടിയ ശ്രേയസ് അയ്യര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവ് (1 പന്തില്‍ 2) പുറത്താവാതെ നിന്നു.