മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് നടത്തുകയാണ് ആതിഥേയരായ ഇന്ത്യ. കളിച്ച ആറ് മത്സരങ്ങളില്‍ ആറും വിജയിക്കാന്‍ രോഹിത് ശര്‍മയുടെ സംഘത്തിന് കഴിഞ്ഞിരുന്നു. തുടര്‍ വിജയങ്ങളോടെ ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍ ഉറപ്പിക്കാനും ആതിഥേയര്‍ക്കായി.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തുകൊണ്ട് ആധികാരികമായാണ് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍ ബെര്‍ത്ത് നേടിയെടുത്തത് (India vs England). ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യ ഇംഗ്ലീഷ് ടീമിനെ പൊളിച്ചടുക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്.
എന്നാല്‍ ഒരറ്റത്ത് പൊരുതി നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ ഏറെ ക്ഷമയോടെ കളിച്ച രോഹിത് 101 പന്തില്‍ 87 റണ്‍സ് നേടിയാണ് തിരിച്ച് കയറിത്. ഇപ്പോഴിതാ ഹിറ്റ്‌മാന്‍റെ ഈ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir Praises Rohit Sharma).
ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന നായകനാണ് രോഹിത് ശര്‍മയെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. "ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമില്‍ നിന്നും ആഗ്രഹിക്കുന്ന കാര്യമാണ് അവന്‍ ഇംഗ്ലണ്ടിനെതിരെ ഒറ്റയ്‌ക്ക് ചെയ്‌തത്. ടീമംഗങ്ങളിൽ നിന്ന് പോസിറ്റീവ് ബാറ്റിങ് പ്രതീക്ഷിക്കുന്നുവെങ്കിൽ, നിങ്ങൾ അത് സ്വയം ചെയ്യേണ്ടതുണ്ട്.
ഇതാണ് ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന പ്രവര്‍ത്തനം. ഒരു പിആര്‍ അല്ലെങ്കിൽ മാർക്കറ്റിങ് ഏജൻസിക്ക് ഇതൊരിക്കലും നിങ്ങൾക്കായി ചെയ്യാൻ കഴിയില്ല. അതു നിങ്ങള്‍ തന്നെ ചെയ്യേണ്ടതുണ്ട്" ഗൗതം ഗംഭീര്‍ പറഞ്ഞു.
ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 11.5 ഓവറില്‍ 40 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തുടര്‍ന്നെത്തിയ കെഎല്‍ രാഹുലിനൊപ്പം 91 റണ്‍സാണ് രോഹിത് ടീം ടോട്ടലില്‍ ചേര്‍ത്തത്. രാഹുല്‍ മടങ്ങിയ ശേഷം സൂര്യകുമാര്‍ യാദവിനൊപ്പം 33 റണ്‍സ് കണ്ടെത്തിയ ശേഷമായിരുന്നു രോഹിത്തിന്‍റെ പുറത്താവല്‍.
ഇതോടെ 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ ഇംഗ്ലീഷ് ടീമിന് 34.5 ഓവറില്‍ 129 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. നാല് വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്‌ത്തി ജസ്‌പ്രീത് ബുംറയുമായിരുന്നു നിലവിലെ ചാമ്പ്യന്മാരെ എറിഞ്ഞിട്ടത്. 46 പന്തില്‍ 27 റണ്‍സ് നേടിയ ലിയാം ലിവിങ്‌സ്റ്റണാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററര്‍ ആയത്.