ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 285 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 57 പന്തില്‍ 80 റണ്‍സെടുത്ത റഹ്മാനുള്ള ഗുർബാസ് Rahmanullah Gurbaz ആണ് അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍. 66 പന്തില്‍ 58 റണ്‍സെടുത്ത ഇക്രാം അലിഖിലും തിളങ്ങി.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മികച്ച തുടക്കമായിരുന്നു അഫ്‌ഗാനിസ്ഥാന് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് നല്‍കിയത്. ഇബ്രാഹിം സദ്രാന്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെങ്കിലും ഇംഗ്ലീഷ് ബോളര്‍മാരെ റഹ്മാനുള്ള ഗുർബാസ് ആക്രമിച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 79 റണ്‍സായിരുന്നു ഇരുവരും ടീം ടോട്ടലില്‍ ചേര്‍ത്തത്. ലോകകപ്പില്‍ അഫ്‌ഗാന്‍റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.
114 റണ്‍സ് നീണ്ടു നിന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 17-ാം ഓവറിന്‍റെ നാലാം പന്തിലാണ് ഇംഗ്ലണ്ട് പൊളിക്കുന്നത്. 48 പന്തില്‍ 28 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെ ആദില്‍ റഷീദ് ജോ റൂട്ടിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവാണ് കാണാന്‍ കഴിഞ്ഞത്.
റഹ്മത്ത് ഷായെയും (8 പന്തില്‍ 3) റഹ്മാനുള്ള ഗുർബാസിനേയും 19-ാം ഓവറില്‍ അഫ്‌ഗാന് നഷ്‌ടമായി. റഹ്മത്ത് ഷായെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ റണ്ണൗട്ടാക്കിയപ്പോള്‍ ഗുര്‍ബാസ് റണ്ണൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (36 പന്തില്‍ 14), അസ്മത്തുള്ള ഒമർസായി (24 പന്തില്‍ 19), മുഹമ്മദ് നബി (15 പന്തില്‍) എന്നിവര്‍ നിരാശപ്പെടുത്തി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഇക്രാം അലിഖിൽ- റാഷിദ് ഖാന്‍ സഖ്യം 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റാഷിദ് ഖാനെ (22 പന്തില്‍ 23) തിരിച്ചയച്ച് ആദില്‍ റഷീദാണ് വീണ്ടും ഇംഗ്ലീഷ് ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ മുജീബ് ഉർ റഹ്മാന്‍ ആക്രമിച്ചതോടെ അവസാന ഓവറുകളില്‍ അഫ്‌ഗാന് നിര്‍ണായകമായി. 44 റണ്‍സ് നീണ്ട എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ഇക്രാം അലിഖിലെ വീഴ്‌ത്തിയാണ് ഇംഗ്ലണ്ട് ഫുള്‍ സ്റ്റോപ്പിട്ടത്.
പിന്നാലെ മുജീബ് ഉർ റഹ്മാനും (16 പന്തില്‍ 28) മടങ്ങി. അവസാന ഓവറിന്‍റെ അഞ്ചാം പന്തില്‍ നവീൻ ഉൽ ഹഖ് (6 പന്തില്‍ 5) റണ്ണൗട്ടായപ്പോള്‍ ഫസൽഹഖ് ഫാറൂഖി (4 പന്തില്‍ 2) പുറത്താവാതെ നിന്നു.
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖിൽ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.
ഇംഗ്ലണ്ട് (പ്ലെയിങ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റൺ, സാം കറൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്‌ലി.