ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുല്യശക്തികളുടെ പോരാട്ടം. ഇന്ന് (ഒക്‌ടോബര്‍ 12) നടക്കുന്ന മത്സരത്തില്‍ വിജയത്തുടര്‍ച്ചയ്‌ക്കിറങ്ങുന്ന ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ആദ്യ ജയം തേടിയെത്തുന്ന ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത് (South Africa vs Australia). ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം തുടങ്ങുന്നത് (South Africa vs Australia Match Time).
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ കൊണ്ടും കൊടുത്തും കണക്ക് വീട്ടിയതിന്‍റെ ചരിത്രം ഒരുപാട് പറയാനുള്ള ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും. അടുത്തിടെ തമ്മിലേറ്റുമുട്ടിയ ഏകദിന പരമ്പരയിലും ക്രിക്കറ്റ് ആസ്വാദകര്‍ ഇതുകണ്ടതാണ്. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കയും ആദ്യ പോയിന്‍റിനായി ഓസീസും മുഖാമുഖം വരുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.
ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 428 റണ്‍സ് അടിച്ച് ലോകകപ്പിലെ റെക്കോഡ് സ്കോര്‍ സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു. ലോകകപ്പിലെ ഫാസ്റ്റസ്റ്റ് സെഞ്ച്വറിയടിച്ച് എയ്‌ഡന്‍ മാര്‍ക്രം തിളങ്ങിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് സെഞ്ച്വറിയിലൂടെ തന്നെ കരുത്ത് പകരാന്‍ ക്വിന്‍റണ്‍ ഡി കോക്കിനും റാസി വാന്‍ഡര്‍ ഡസനും സാധിച്ചിരുന്നു. കരുത്തരായ ഓസ്‌ട്രേലിയന്‍ നിരയെ നേരിടാന്‍ ഇറങ്ങുമ്പോഴും ഇവരിലാണ് പ്രോട്ടീസിന്‍റെ റണ്‍സ് പ്രതീക്ഷകള്‍.
ഇവര്‍ക്കൊപ്പം മധ്യനിരയില്‍ ഹെൻറിച്ച് ക്ലാസന്‍ കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടുക ഓസീസിന് പ്രയാസമാകും. ഡല്‍ഹിയിലെ റണ്‍സ് ഒഴുകുന്ന പിച്ചിലായിരുന്നു പ്രോട്ടീസ് ആദ്യ മത്സരം കളിച്ചത്. എന്നാല്‍, ഇന്ന് കങ്കാരുപ്പടയെ നേരിടാന്‍ സ്പിന്നിനെ തുണയ്‌ക്കുന്ന ഏകന സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റമുറപ്പ്.
ജെറാൾഡ് കോയറ്റ്സീയ്ക്ക് പകരമായി സ്പിന്നര്‍ തബ്രയിസ് ഷംസി ടീമിലേക്ക് എത്താനാണ് സാധ്യത. മറുവശത്ത്, ഇന്ത്യ വിരിച്ച സ്പിന്‍ കെണിയിലാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ കുരുങ്ങിയത്. ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ക്ക് കരുത്ത് വീണ്ടെടുക്കേണ്ടതുണ്ട്.
ചെപ്പോക്കില്‍ തുടക്കം മികച്ചതാക്കാന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും അതേ താളത്തില്‍ പന്തെറിയാന്‍ കഴിയാതിരുന്നതാണ് പിന്നീട് തിരിച്ചടിയായത്. ഓസീസ് നിരയിലേക്ക് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് മടങ്ങിയെത്താനാണ് സാധ്യത. അവസാന പതിനൊന്നില്‍ സ്റ്റോയിനിസ് ഇടം പിടിച്ചാല്‍ കാമറൂണ്‍ ഗ്രീന്‍ ആയിരിക്കും ടീമിന് പുറത്ത് പോകേണ്ടി വരുന്നത്.
ലഖ്‌നൗവിലെ പിച്ച് റിപ്പോര്‍ട്ട്: ലഖ്‌നൗവിലെ അവസാന മത്സരങ്ങളുടെയെല്ലാം വിധി നിര്‍ണയിച്ചത് ബൗളര്‍മാരാണ്. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന വിക്കറ്റാണ് ഏകന സ്റ്റേഡിയത്തിലേത്. 220 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍. 2019ല്‍ അഫ്‌ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 253 റണ്‍സാണ് ഈ വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍. ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കുന്ന പിച്ചായതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad) : മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, അലക്‌സ് കാരി, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബോട്ട്, ആദം സാംപ.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക സ്ക്വാഡ് (Cricket World Cup 2023 South Africa Squad) : ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക്, എയ്‌ഡന്‍ മാര്‍ക്രം, റാസി വാന്‍ഡര്‍ ഡസന്‍, ജെറാൾഡ് കോയറ്റ്സീ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്