ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ബംഗ്ലാദേശിന് 280 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 49.3 ഓവറില്‍ 279 റണ്‍സിന് ഓള്‍ഔട്ടായി. ചരിത് അസലങ്കയുടെ (Charith Asalanka) സെഞ്ചുറി പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.
105 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറുകളും സഹിതം 108 റണ്‍സാണ് താരം നേടിയത്. ബംഗ്ലാദേശിനായി തൻസിം ഹസൻ സാക്കിബ് (Tanzim Hasan Sakib) മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ ഓവറിന്‍റെ അവസാന പന്തില്‍ തന്നെ ശ്രീലങ്കയ്‌ക്ക് തിരിച്ചടിയേറ്റു.
കുശാല്‍ പെരേരയെ (5 പന്തില്‍ 4) ഷോറിഫുൾ ഇസ്ലാം, മുഷ്‌ഫിഖുർ റഹീമിന്‍റെ കയ്യില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഒന്നിച്ച പാത്തും നിസ്സാങ്കയും ക്യാപ്റ്റന്‍ കുശാല്‍ മെൻഡിസും ചേര്‍ന്ന് 61 റണ്‍സ് ചേര്‍ത്തു. നിസ്സാങ്കയ്‌ക്ക് പിന്തുണ നല്‍കി കളിക്കുകയായിരുന്ന മെന്‍ഡിനിനെ (30 പന്തില്‍ 19) ഷാക്കിബ് അല്‍ ഹസന്‍ വീഴ്‌ത്തിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്.
പിന്നാലെ പാത്തും നിസ്സാങ്കയെ (36 പന്തില്‍ 41) തൻസിം ഹസൻ സാക്കിബ് ബൗള്‍ഡാക്കി. തുടര്‍ന്ന് ഒന്നിച്ച സദീര സമരവിക്രമയും ചരിത് അസലങ്കയും നന്നായി കളിച്ചതോടെ ലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍ വച്ചു. എന്നാല്‍ സദീര സമരവിക്രമയെ (42 പന്തില്‍ 41) പുറത്താക്കിയ ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നെത്തിയ എയ്‌ഞ്ചലോ മാത്യൂസിന് ഒരു പന്ത് പോലും നേരിടാനായില്ല. പന്ത് നേരിടാന്‍ വൈകിയതിനാല്‍ ടൈം ഔട്ട് നിയമപ്രകാരമാണ് താരം പുറത്തായത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ടൈം ഔട്ടാവുന്ന ആദ്യ താരമാണ് ലങ്കന്‍ വെറ്ററന്‍. പിന്നീട് എത്തിയ ധനഞ്ജയ ഡി സില്‍വ (36 പന്തില്‍ 34), മഹീഷ് തീക്ഷണ (31 പന്തില്‍ 22) എന്നിവരെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്ന അസലങ്ക 49-ാം ഓവറിലാണ് പുറത്താവുന്നത്.
ALSO READ: 'എത്രകാലമായി കളിക്കുന്നു ഇതൊന്നും അറിയില്ലേ'...എയ്‌ഞ്ചലോ മാത്യൂസിന്‍റെ ടൈം ഔട്ട് ചർച്ചയാകുന്നു..
തൻസിം ഹസൻ സാക്കിബിനെ സിക്‌സറിന് പറത്താനുള്ള താരത്തിന്‍റെ ശ്രമം ബൗണ്ടറി ലൈനില്‍ ലിറ്റണ്‍ ദാസ് കയ്യിലൊതുക്കി. കസുൻ രജിതയേയും (2 പന്തില്‍ 0) തൻസിം ഹസൻ ഈ ഓവറില്‍ തന്നെ മടക്കി. പിന്നാലെ ദുഷ്‌മന്ത ചമീര (9 പന്തില്‍ 4) റണ്ണൗട്ടാവുകയും കൂടി ചെയ്‌തതോടെ ലങ്കന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
ശ്രീലങ്ക (പ്ലേയിങ് ഇലവൻ): പാത്തും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (സി), സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്‌ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുഷ്‌മന്ത ചമീര, കസുൻ രജിത, ദിൽഷൻ മധുശങ്ക.
ബംഗ്ലാദേശ് (പ്ലേയിങ് ഇലവൻ): തൻസീദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ, മുഷ്‌ഫിഖുർ റഹീം, മഹ്മൂദുള്ള, ഷാക്കിബ് അൽ ഹസൻ (സി), തൗഹിദ് ഹൃദയ്, മെഹിദി ഹസൻ മിറാസ്, തൻസിം ഹസൻ സാക്കിബ്, ടസ്‌കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം.