ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയയ്‌ക്ക് ബോളിങ്. ടോസ് വിജയിച്ച ശ്രീലങ്കയുടെ പകരക്കാരന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് (Kusal Mendis ) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ദാസുന്‍ ഷനക പരിക്കേറ്റ് പുറത്തായതിനാലാണ് കുശാല്‍ മെന്‍ഡിസിന് ചുമതല ലഭിച്ചത്. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക കളിക്കുന്നത്.
ഷനകയ്‌ക്ക് പുറമെ പരിക്കേറ്റ പേസര്‍ മതീഷ പതിരണയും ടീമില്‍ നിന്നും പുറത്തായി. ചാമിക കരുണരത്‌നെ, ലഹിരു കുമാര എന്നിവരാണ് പ്ലെയിങ് ഇലവനിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ കളിക്കുന്നതെന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) അറിയിച്ചു.
ഓസ്‌ട്രേലിയ (പ്ലെയിംഗ് ഇലവൻ): മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസൽവുഡ്.
ശ്രീലങ്ക (പ്ലെയിംഗ് ഇലവൻ ): പാത്തും നിസ്സാങ്ക, കുസൽ പെരേര, കുസൽ മെൻഡിസ്(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, മഹേഷ് തീക്ഷണ, ലഹിരു കുമാര, ദിൽഷൻ മധുശങ്ക
ഏകദിന ലോകകപ്പിലെ 14-ാമത്തെ മത്സരമാണിത്. ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്ന ഓസ്‌ട്രേലിയയും ശ്രീലങ്കയും ആദ്യ വിജയമാണ് ലക്ഷ്യം വയ്‌ക്കുന്നത്. പാരമ്പര്യവും പെരുമയും ഏറെയാണെങ്കിലും കളിച്ച രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും തോല്‍വി വഴങ്ങി.
അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റപ്പോള്‍, പാകിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടുമായിരുന്നു ശ്രീലങ്ക കീഴടങ്ങിയത്. ഇതോടെ ഹാട്രിക് തോല്‍വി ഒഴിവാക്കാനാവും ഇരു ടീമുകളും ലഖ്‌നൗവില്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനൊപ്പം നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഓസീസ് പത്താമതും ശ്രീലങ്ക എട്ടാം സ്ഥാനത്തുമാണ്. വീണ്ടുമൊരു തോല്‍വി ഇരു ടീമുകളുടേയും സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തിയേക്കും.
എന്നാല്‍ ലോകകപ്പ് വേദികളില്‍ ശ്രീലങ്കയ്‌ക്ക് മേലുള്ള ആധിപത്യം ഓസ്‌ട്രേലിയയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതേവരെ 11 തവണയാണ് ഇരു ടീമുകളും പരസ്‌പരം മത്സരിച്ചിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തിലും വിജയം ഓസ്‌ട്രേലിയയ്‌ക്ക് ഒപ്പമായിരുന്നു.
രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലങ്കയ്‌ക്ക് ഒപ്പം നിന്നത്. 1996-ലെ ഫൈനലിന് ശേഷം ലോകകപ്പില്‍ ഓസീസിനെ തോല്‍പ്പിക്കാനും ശ്രീലങ്കയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ഈ നാണക്കേട് കൂടി മാറ്റിയെടുക്കാനുറച്ചാവും ശ്രീലങ്ക ഇറങ്ങുക.
മത്സരം കാണാന്‍ (Where to watch Australia vs Sri Lanka Cricket World Cup 2023 match): ഏകദിന ലോകകപ്പിലെ ഓസ്‌ട്രേലിയ vs ശ്രീലങ്ക മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ഈ മത്സരം ലഭ്യമാണ്.