കൊല്‍ക്കത്ത : ലോകകിരീടത്തിനായുള്ള ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയോട് മാറ്റുരയ്‌ക്കുക ക്രിക്കറ്റിന്‍റെ മഞ്ഞക്കിളികള്‍. ഏകദിന ലോകകപ്പിന്‍റെ രണ്ടാം സെമി പോരാട്ടത്തില്‍ ടൂര്‍ണമെന്‍റിന്‍റെ പ്രാരംഭ ഘട്ടത്തില്‍ വിജയക്കുതിപ്പുമായി മുന്നേറിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് എക്കാലത്തെയും ലോകകപ്പ് ഫേവറിറ്റുകളായ ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുത്ത്. ബാറ്റിങ് തകര്‍ച്ച മൂലം ദക്ഷിണാഫ്രിക്ക മുന്നില്‍വച്ച ചെറിയ വിജയലക്ഷ്യവും പ്രോട്ടീസ് ഫീല്‍ഡിങ്ങിലെ ചോര്‍ച്ചയുമാണ് ഓസീസ് വിജയം ഉറപ്പാക്കിയത്.
വിക്കറ്റുകളെല്ലാം നഷ്‌ടമായി ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന സമ്പൂര്‍ണ ആത്മവശ്വസത്തിലായിരുന്നു ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ ഡേവിഡ് വാര്‍ണറെയും മിച്ചല്‍ മാര്‍ഷിനെയും ഉള്‍പ്പടെ നിര്‍ണായക വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് ഒരുവേള പ്രോട്ടീസ് കളി തിരിച്ചുപിടിക്കുന്ന പ്രതീതിയുമുണ്ടായി. എന്നാല്‍ ഫീല്‍ഡിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മത്സരിച്ച് ക്യാച്ചുകള്‍ വിട്ടതോടെ മത്സരത്തിന്‍റെ ഫലം മാറിമറിയുകയായിരുന്നു. ഇതോടെ 48 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് വിജയലക്ഷ്യം ഭേദിച്ചുകടക്കുകയായിരുന്നു.
തുടക്കം ഗംഭീരമാക്കി ഓസീസ്: ദക്ഷിണാഫ്രിക്ക മുന്നില്‍വച്ച വിജയലക്ഷ്യം മറികടക്കാന്‍ ഓസീസിനായി ഓപ്പണര്‍മാരായ ട്രീവിസ് ഹെഡും ഡേവിഡ് വാര്‍ണറുമാണ് ആദ്യമായി കളത്തിലെത്തിയത്. ഇരുവരും ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഓസീസിനായി പടുത്തുയര്‍ത്തിയത്. ഇതോടെ ആദ്യ ആറ് ഓവറുകളില്‍ തന്നെ ഓസ്‌ട്രേലിയ 60 റണ്‍സും തൊട്ടു. എന്നാല്‍ ഏഴാമത്തെ ഓവര്‍ എറിയാനെത്തിയ എയ്‌ഡന്‍ മാര്‍ക്രം തന്‍റെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ ബൗള്‍ഡാക്കി ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തി. 18 പന്തില്‍ നാല് സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പടെ 29 റണ്‍സുമായി നില്‍ക്കവെയാണ് വാര്‍ണറുടെ മടക്കം.
തലയെടുപ്പോടെ ഹെഡ്: തൊട്ടുപിന്നാലെയെത്തിയ മിച്ചല്‍ മാര്‍ഷ് വന്നതിനേക്കാള്‍ വേഗത്തില്‍ സംപൂജ്യനായി പവലിയനില്‍ മടങ്ങിയെത്തി. എന്നാല്‍ തുടര്‍ന്നെത്തിയ സ്‌റ്റീവ് സ്‌മിത്തിനെ ഒപ്പം കൂട്ടി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ചുറിയും ടീം സ്‌കോര്‍ബോര്‍ഡില്‍ മൂന്നക്കവും തെളിയിച്ചു. എന്നാല്‍ 15ാം ഓവറില്‍ തന്‍റെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിന് പുറത്തേക്കുള്ള വഴികാട്ടി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്‌ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കി. നേരിട്ട 48 പന്തില്‍ രണ്ട് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമായി 62 റണ്‍സ് ഓസീസിന് നേടിക്കൊടുത്തായിരുന്നു ഹെഡ്ഡിന്‍റെ തലയുയര്‍ത്തിയുള്ള മടക്കം.
ഈ സമയം ക്രീസിലുണ്ടായിരുന്ന സ്‌റ്റീവ് സ്‌മിത്ത് പിന്നാലെയെത്തിയ മാര്‍നസ് ലബുഷെയ്‌നിനെ കൂടെ ചേര്‍ത്ത് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി. എന്നാല്‍ ലബുഷെയ്‌നിനെ ലെഗ് ബൈ വിക്കറ്റില്‍ കുരുക്കി തബ്രൈസ് ഷംസി ഇത്തവണ ദക്ഷിണാഫ്രിക്ക് ശ്വാസം നീട്ടിക്കൊടുത്തു. തൊട്ടുപിറകെ ഓസ്‌ട്രേലിയയുടെ മുന്‍ മത്സരം ചേസിങ്ങിലൂടെ മറികടത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലെത്തിയെങ്കിലും, അദ്ദേഹം അപകടകാരിയാവും മുമ്പേ ഷംസി ബൗള്‍ഡാക്കി.
പിന്നാലെ നല്ലൊരു ഇന്നിങ്‌സ് കാഴ്‌ചവച്ച് സ്‌മിത്തും മടങ്ങി. 62 പന്തില്‍ 30 റണ്‍സുമായി നില്‍ക്കവെ ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കൈകളിലൊതുങ്ങിയായിരുന്നു സ്‌മിത്തിന്‍റെ തിരിച്ചുകയറ്റം. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസും (28), മിച്ചല്‍ സ്‌റ്റാര്‍ക്കും (16) പാറ്റ് കമ്മിന്‍സും (14) അവരെ കൊണ്ട് കഴിയുന്നതുപോലെ ബാറ്റിങ്ങില്‍ സംഭാവനകള്‍ നടത്തിയതോടെ ഓസീസ് ഫൈനലിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കി.
'കൈ'വിട്ട കളി: അതേസമയം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ്ങിലെ തുടര്‍ച്ചയായ വീഴ്‌ച്ചകള്‍ മത്സരത്തിലുടനീളം ഓസീസിന് ഗുണമായിരുന്നു. നിര്‍ണായക വിക്കറ്റുകളില്‍ പലതിലും പ്രോട്ടീസ് താരങ്ങള്‍ക്ക് പലതവണ കൈ ചോര്‍ന്നു. ഇതിനൊപ്പം ഉറപ്പുള്ള വിക്കറ്റിലെ അമ്പയേഴ്‌സ് കോള്‍ ഒരുതവണ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായെങ്കില്‍ മറ്റൊരു തവണ അനുകൂലമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി തബ്രൈസ് ഷംസിയും ജെറാള്‍ഡ് കോട്‌സിയും രണ്ട് വീതം വിക്കറ്റുകളും കാഗിസോ റബാഡ, എയ്‌ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.