മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മികച്ച സ്‌കോര്‍ നേടി അഫ്‌ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 291 റണ്‍സാണ് എടുത്തത് (Australia vs Afghanistan Score Updates). അപരാജിത സെഞ്ചുറി നേടിയ ഇബ്രാഹിം സദ്രാന്‍റെ പ്രകടനമാണ് അഫ്‌ഗാന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
143 പന്തില്‍ എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 129* റണ്‍സാണ് ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran ) നേടിയത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു അഫ്‌ഗാന്‍ താരത്തിന്‍റെ ആദ്യ സെഞ്ചുറിയാണിത്. പതിഞ്ഞ് കളിച്ച് അടിത്തറയൊരുക്കിയതിന് ശേഷം അവസാന ഓവറുകളില്‍ കടന്നാക്രമിച്ചാണ് പേരുകേട്ട ഓസീസ് ബോളിങ് നിരയ്‌ക്കെതിരെ അഫ്‌ഗാന്‍ നല്ല സ്‌കോര്‍ നേടിയെടുത്തത്.
റാഷിദ് ഖാന്‍റെ പ്രകടനവും ടീമിന് നിര്‍ണായകമായി. അഫ്‌ഗാന്‍റെ തുടക്കം അത്ര മോശമായിരുന്നില്ല. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 38 റണ്‍സാണ് നേടിയത്. റഹ്മാനുള്ള ഗുർബാസിനെ (25 പന്തില്‍ 21) എട്ടാം ഓവറിന്‍റെ അവസാന പന്തില്‍ ജോഷ് ഹേസൽവുഡ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്.
തുടര്‍ന്ന് ഒന്നിച്ച റഹ്മത്ത് ഷാ- ഇബ്രാഹിം സദ്രാന്‍ സഖ്യം അഫ്‌ഗാനെ 21-ാം ഓവറില്‍ നൂറ് കടത്തി. 83 റണ്‍സ് നീണ്ടു നിന്ന ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ 121 റണ്‍സായിരുന്നു ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്. 25-ാം ഓവറിന്‍റെ നാലാം പന്തില്‍ റഹ്മത്ത് ഷായെ (44 പന്തില്‍ 30) വീഴ്‌ത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കുന്നത്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 31-ാം ഓവറിലാണ് ടീമിനെ 150-ലേക്ക് എത്തിക്കുന്നത്. അധികം വൈകാതെ സദ്രാന് പിന്തുണ നല്‍കി കളിക്കുകയായിരുന്ന ഹഷ്മത്തുള്ള ഷാഹിദിയെ (43 പന്തില്‍ 26) മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ അസ്മത്തുള്ള ഒമർസായിയെ കൂട്ടുപിടിച്ച സദ്രാന്‍ ടീമിനെ മുന്നോട്ട് നയിച്ചു.
41-ാം ഓവറില്‍ 200 റണ്‍സ് കടന്ന അഫ്‌ഗാനിസ്ഥാന് അധികംവൈകാതെ അസ്മത്തുള്ള ഒമർസായിയെ (18 പന്തില്‍ 22) നഷ്‌ടമായി. പിന്നാലെ 131 പന്തുകളില്‍ നിന്നും ഇബ്രാഹിം സദ്രാന്‍ സെഞ്ചുറിയിലേക്ക് എത്തിയെങ്കിലും ഒരറ്റത്ത് മുഹമ്മദ് നബി (10 പന്തില്‍ 12) വീണു. തുടര്‍ന്നെത്തിയ റാഷിദ് ഖാനൊപ്പം ഇബ്രാഹിം സദ്രാനും ആക്രമിച്ചത് അഫ്‌ഗാന് ഗുണം ചെയ്‌തു. പിരിയാത്ത ആറാം വിക്കറ്റില്‍ 28 പന്തുകളില്‍ നിന്നും 58 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റാഷിദ് ഖാന്‍ 18 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 35* റണ്‍സാണ് നേടിയത്.
അഫ്‌ഗാനിസ്ഥാന് (പ്ലെയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (സി), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഇക്രാം അലിഖിൽ, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖ്.
ഓസ്‌ട്രേലിയ (പ്ലെയിങ് ഇലവൻ): ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.