ലഖ്‌നൗ : നെതര്‍ലന്‍ഡ്‌സിന് നാട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് സമ്മാനിച്ച് അഫ്‌ഗാനിസ്ഥാന്‍. മുന്‍ മത്സരങ്ങളില്‍ നിര്‍ണായക അട്ടിമറികള്‍ സാധ്യമാക്കി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ അഫ്‌ഗാന്‍ പട, നെതര്‍ലന്‍ഡ്‌സിനെ കൂടി തളച്ചാണ് സെമി പോരാട്ടത്തിന്‍റെ സ്ലോട്ടിനായുള്ള ഓട്ടം തുടങ്ങിയത്. നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ വിക്കറ്റുകളെല്ലാം നഷ്‌ടപ്പെടുത്തി മുന്നില്‍വച്ച 179 റണ്‍സ്, കേവലം ഏഴ് വിക്കറ്റുകള്‍ അവശേഷിക്കെ 32-ാം ഓവറില്‍ തന്നെ അഫ്‌ഗാന്‍ മറികടക്കുകയായിരുന്നു.
ഡച്ച് പടയോടുള്ള പോരാട്ടത്തിന് ശേഷം ഏഴ് കളികളില്‍ നാല് വിജയവുമായി അഫ്‌ഗാന്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ ശനിയാഴ്‌ച നടക്കാനിരിക്കുന്ന പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് പോരാട്ടം അഫ്‌ഗാനും നിര്‍ണായകമാണ്. അതേസമയം ടൂര്‍ണമെന്‍റില്‍ കാണികളെ ആവേശത്തിലാക്കുന്ന അട്ടിമറികളും തട്ടുപൊളിപ്പന്‍ ജയങ്ങളുമായാണ് അഫ്‌ഗാന്‍ എന്ന കറുത്ത കുതിരകളുടെ പ്രയാണം.
മത്സരത്തിന് മുമ്പേ ജയിച്ച് അഫ്‌ഗാന്‍ : ആദ്യം ബാറ്റുചെയ്‌ത നെതര്‍ലന്‍ഡ്‌സിനായി മുന്നേറ്റനിര ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയ പ്രധാനപ്പെട്ട താരങ്ങളെല്ലാം റണ്ണൗട്ടില്‍ കുരുങ്ങിയതാണ് ടീമിനെ 179 റണ്‍സിലൊതുക്കിയത്. ഇതോടെ തന്നെ മത്സരത്തിന്‍റെ ഏകദേശ ഫലവും തെളിഞ്ഞിരുന്നു. അതേസമയം ഡച്ച് പടയുടെ വിജയലക്ഷ്യം മറികടക്കാന്‍ അഫ്‌ഗാനിസ്ഥാനായി റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനുമാണ് ആദ്യമായി ക്രീസിലെത്തിയത്.
ഓപ്പണര്‍മാരില്‍ അഫ്‌ഗാന്‍ ആരാധകര്‍ മികച്ച പ്രതീക്ഷ വച്ചിരുന്നുവെങ്കിലും ഇത് അത്രകണ്ട് ക്രീസില്‍ കണ്ടില്ല. ആറാം ഓവറില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ (10) മടക്കി ലോഗന്‍ വാന്‍ ബീക്ക് നെതര്‍ലന്‍ഡ്‌സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ഡച്ച് നായകനും വിക്കറ്റ് കീപ്പറുമായ സ്‌കോട്ട് എഡ്‌വാഡ്‌സിന്‍റെ കൈകളില്‍ ഒതുങ്ങിയായിരുന്നു ഗുര്‍ബാസിന്‍റെ മടക്കം. എന്നാല്‍ തൊട്ടുപിന്നാലെ അഫ്‌ഗാന്‍ പ്രതീക്ഷകള്‍ ചുമലിലേറ്റി റഹ്‌മത്ത് ഷാ ക്രീസിലെത്തി.
ഇബ്രാഹിം സദ്രാനൊപ്പം ചേര്‍ന്ന് ടീമിനെ വിജയതീരത്ത് എത്തിക്കാമെന്നായിരുന്നു അഫ്‌ഗാന്‍ പ്രതീക്ഷ. എന്നാല്‍ ആദ്യ വിക്കറ്റ് കഴിഞ്ഞുള്ള നിശ്ചിത ഇടവേളയായ 11-ാം ഓവറില്‍ സദ്രാനെ മടക്കി വന്‍ ഡെര്‍ മെര്‍വേ ന്യൂസിലാന്‍ഡിന് അടുത്ത ആശ്വാസ വിക്കറ്റ് സമ്മാനിച്ചു. നേരിട്ട 34 പന്തുകളില്‍ 20 റണ്‍സ് മാത്രമായിരുന്നു ഇബ്രാഹിം സദ്രാന്‍ ടീം സ്‌കോര്‍ബോര്‍ഡിലേക്ക് എഴുതിച്ചേര്‍ത്തത്.
മുന്നില്‍ നിന്ന് നയിക്കാന്‍ നായകന്‍ : പിന്നാലെ അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി ക്രീസിലെത്തി. റഹ്‌മത്ത് ഷായെ കൂടെക്കൂട്ടി ഒരു ക്യാപ്‌റ്റന്‍ ഇന്നിങ്‌സിന് തന്നെയായിരുന്നു ഷാഹിദി തുടക്കമിട്ടത്. ഇത് സ്‌കോര്‍ബോര്‍ഡില്‍ വലിയ രീതിയില്‍ ചലനം ഉണ്ടാക്കി. എന്നാല്‍ 23-ാം ഓവറില്‍ റഹ്‌മത്ത് ഷായെ തിരികെ പറഞ്ഞയച്ച് സാഖിബ് സുല്‍ഫിഖര്‍ ആ കൂട്ടുകെട്ട് പൊളിച്ചു. തിരികെ കയറുമ്പോള്‍ റഹ്‌മത്ത് ഷായുടേതായി 54 പന്തില്‍ 52 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൊത്തിവയ്‌ക്കപ്പെട്ടിരുന്നു.
തുടര്‍ന്നെത്തിയ അസ്‌മത്തുള്ള ഒമര്‍സായിയെ (28 പന്തില്‍ 31 റണ്‍സ്) ഒപ്പം കൂട്ടി അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (64 പന്തില്‍ പുറത്താവാതെ 56 റണ്‍സ്) ടീമിനെ വിജയിപ്പിച്ച് സെമിയിലേക്കുള്ള ഓട്ടത്തിന് ഒരുക്കി നിര്‍ത്തുകയായിരുന്നു. അതേസമയം നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, സാഖിബ് സുല്‍ഫിഖര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.