ക്രൈസ്റ്റ് ചര്‍ച്ച് : ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിൽ ബാറ്റുകൊണ്ടും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് ഓസീസ് താരം അലീസ ഹീലി നടത്തിയത്. ടൂര്‍ണമെന്‍റിലെ ഒമ്പത് ഇന്നിങ്സുകളില്‍ നിന്ന് 509 റൺസാണ് താരം അടിച്ച് കൂട്ടിയത്. ഇതോടെ വനിത ലോകകപ്പില്‍ ആദ്യമായി 500 റൺസ് പിന്നിടുന്ന താരം കൂടിയായി ഹീലി.
രണ്ട് അർദ്ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളുമടക്കം 56.55 ശരാശരിയിലാണ് താരത്തിന്‍റെ പ്രകടനം. വിക്കറ്റിന് പിന്നില്‍ എട്ടുപേരെ പുറത്താക്കാനും താരത്തിനായി. നാല് ക്യാച്ചിലൂടെയും നാല് സ്റ്റമ്പിങ്ങിലൂടെയുമാണ് താരം എട്ട് പേരെ തിരിച്ചുകയറ്റിയത്. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ താരമാവാനും 32കാരിയായ ഹീലിക്ക് കഴിഞ്ഞു.
സമകാലികരായ ഓസ്‌ട്രേലിയൻ മുന്‍ ക്യാപ്റ്റൻ കാരെൻ റോൾട്ടൺ (2005), ഇംഗ്ലണ്ടിന്‍റെ ക്ലെയർ ടെയ്‌ലർ(2009), ന്യൂസിലൻഡിന്‍റെ സൂസി ബേറ്റ്‌സ് (2013), ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമോണ്ട് ( 2017 ) എന്നിവര്‍ക്ക് പിന്നാലെയാണ് ലോകകപ്പിന്‍റെ താരമായി ഹീലിയും മാറിയത്.
ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഓസീസിന്‍റെ വിജയത്തില്‍ നിര്‍ണായകമാവാനും അലീസ ഹീലിക്ക് കഴിഞ്ഞു. താരത്തിന്‍റെ ഇടിവെട്ട് ശതകത്തിന്‍റെ കരുത്തിലാണ് 357 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വയ്‌ക്കാന്‍ ഓസീസ് വനിതകള്‍ക്കായത്. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സാണ് അടിച്ച് കൂട്ടിയത്.
ഇതോടെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ (പുരുഷന്മാരുടെയോ, വനിതകളുടെയോ) ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഹീലി. 2007-ൽ പുരുഷ ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് നേടിയ 149 റൺസിന്‍റെ റെക്കോഡാണ് താരം മറികടന്നത്.
റിക്കി പോണ്ടിങ് (140* റണ്‍സ് , 2003ല്‍ ഇന്ത്യയ്‌ക്കെതിരെ ), വിന്‍ഡീസ് താരം വിവിയൻ റിച്ചാർഡ്‌സ് (138* റണ്‍സ്, 1979 ഇംഗ്ലണ്ടിനെതിരെ) എന്നിവരാണ് പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുയര്‍ത്തിയത്.
എന്നാല്‍ ഇംഗ്ലണ്ടിന്‍റെ മറുപടി 43.4 ഓവറില്‍ 285 റണ്‍സില്‍ അവസാനിച്ചു. നാറ്റ് സീവറിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറച്ചത്. 121 പന്തിൽ 15 ഫോറും ഒരു സിക്‌സുമടക്കം 148 റൺസുമായി പുറത്താകാതെ നിന്നു.