ക്രൈസ്റ്റ് ചര്‍ച്ച് : വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏഴാം കിരീടത്തിൽ മുത്തമിട്ട് ഓസ്‌ട്രേലിയ. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കിയാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ കിരീടമുയര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 43.4 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ അലീസ ഹീലിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് 357 റണ്‍സ് നേടിയത്. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതമാണ് 170 റണ്‍സ് നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. ഹീലിക്ക് പുറമെ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ 7 ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ 8 ഫോർ അടക്കം 62) എന്നിവരും തിളങ്ങി.
പതിയെ തുടങ്ങിയ ഓസ്‌ട്രേലിയ പവര്‍പ്ലേയില്‍ 37 റണ്‍സ് മാത്രമാണ് നേടിയത്. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ഓപ്പണിംഗ് സഖ്യം പിരിഞ്ഞത് 30-ാം ഓവറിലാണ്. 93 പന്തില്‍ 68 റണ്‍സെടുത്ത റേച്ചല്‍ ഹൈന്‍സാണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റില്‍ ഓസീസ് 29.1 ഓവറില്‍ 160 റണ്‍സ് ചേര്‍ത്തു. മൂന്നാമതായി ക്രീസിലെത്തിയ ബേത് മൂണിയാവട്ടെ 47 പന്തില്‍ 62 റണ്‍സുമായി സ്‌കോറിംഗ് വേഗം കൂട്ടി. ഓപ്പണറായി ഇറങ്ങിയ ഹീലിയുടെ ഇന്നിംഗ്‌സ് 46-ാം ഓവര്‍ വരെ നീണ്ടുനിന്നു.
ALSO READ: IPL 2022 | റെക്കോഡിനരികെ ധവാന്‍, മുന്നിലുള്ളത് വിരാട് കോലി
ഒരു റണ്ണെടുത്ത ആഷ്‌ലി ഗാര്‍ണര്‍, 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് എന്നിവര്‍ മാത്രമാണ് നിരാശപ്പെടുത്തിയത് . താലിയ മഗ്രാത്ത് അഞ്ച് പന്തില്‍ എട്ടും എലീസ് പെറി 10 പന്തില്‍ 17 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന 10 ഓവറില്‍ പിറന്ന 120 റണ്‍സ് ഓസീസ് ബാറ്റിംഗ് കരുത്തിന്‍റെ വിരുന്നായി മാറി. ഇംഗ്ലണ്ടിനായി അന്യാ ശ്രുഭ്സോലെ മൂന്നും സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ നാറ്റ് സീവറിന്‍റെ ഒറ്റയാൾ പോരാട്ടത്തിന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാനായില്ല. ഇംഗ്ലണ്ടിന്‍റെ മറ്റുതാരങ്ങളെല്ലാം നിറംമങ്ങി. 121 പന്തിൽ 15 ഫോറും ഒരു സിക്‌സുമടക്കം 148 റൺസുമായി പുറത്താകാതെ നിന്നു. 33.4 ഓവറിൽ 213 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്‌ടമായിരുന്നു. വാലറ്റക്കാരി ക്രിസ് ഡീനിനെ (24 പന്തിൽ 21) കൂട്ടുപിടിച്ച് പൊരുതിയ സീവര്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും 68 റൺസിന്‍റെ കൂട്ടുകെട്ട് പൊളിച്ച് ഓസീസ് ജയം നേടി.
ടൂർണമെന്‍റിൽ 509 റൺസ് നേടിയ അലീസ ഹീലി, ഒരു വനിതാ ലോകകപ്പിൽ ആദ്യമായി 500 റൺസ് പിന്നിടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് അലീസ ഹീലി കുറിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരില്‍ ഒരു താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡ് ഹീലി സ്വന്തം പേരിലാക്കി.