തരൗബ (ട്രിനിഡാഡ്): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഹിമാലയന്‍ ജയം. ഉഗാണ്ടയ്‌ക്കെതിരായ മത്സരത്തില്‍ 326 റണ്‍സിന്‍റെ ജയമാണ് ഇന്ത്യന്‍ യുവ നിര പടിച്ചെടുത്തത്.
നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഉഗാണ്ട 19.4 ഓവറില്‍ 79 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു 4.4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍ മൂന്നും വിക്കി ഒസ്ത്‌വാള്‍, വാസു വാറ്റ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
45 പന്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാസ്കൽ മുരുങ്ങിയാണ് ഉഗാണ്ടെയുടെ ടോപ് സ്‌കോറര്‍. റൊണാൾഡ് ഓപിയോ (22 പന്തില്‍ 11) മാത്രമാണ് ക്യപ്റ്റനെ കൂടാതെ രണ്ടക്കം കടന്ന മറ്റൊരു താരം. പരിക്കേറ്റ് തിരിച്ച് കയറിയ ഓപ്പണര്‍ ഇസാക്കടക്കം അഞ്ച് കളിക്കാര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല.
നേരത്തെ ആന്‍ഗ്രിഷ് രഘുവന്‍ഷി ( 120 പന്തില്‍ 144), രാജ് ബാവ (108 പന്തില്‍ 162*) എന്നിവരുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 2ന് 85 എന്ന നിലയില്‍ ഒത്തുചേര്‍ന്ന രഘുവന്‍ഷി- ബാവ സഖ്യം 206 റണ്‍സിന്‍റെ കൂട്ടുകെട്ടാണുയര്‍ത്തിയത്.
ഹർനൂർ സിങ് (15), നിഷാന്ത് സിന്ധു (15), കൗശല്‍ താംബെ (15), ദിനേഷ് ബാനാ (22) അനീശ്വർ ഗൗതം ( 12*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സംഭാവന.
also read: ISL: തോറ്റ് തോറ്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ചെന്നൈയിൻ എഫ്‌സിക്ക് തകർപ്പൻ ജയം
ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം പിടിച്ച ഇന്ത്യ നേരത്തെ തന്നെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ഈ വിജയത്തോടെ ക്വാര്‍ട്ടര്‍ പ്രവേശനം കൂടുതല്‍ ആധികാരികമാക്കാന്‍ സംഘത്തിനായി.
കൊവിഡ് മൂലം സ്ഥിരം ക്യാപ്റ്റന്‍ യാഷ് ധുലടക്കം പ്രമുഖരെ പുറത്തിരുത്തിയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങിയിരുന്നത്.