ദുബായ്: ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ഒന്നാം റാങ്കിലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മിന്നും പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്.
നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകളുമായാണ് താരം തിളങ്ങിയത്. 867 റേറ്റിങ് പോയിന്‍റുമായി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് റാങ്കിങ്ങില്‍ തലപ്പത്ത് തുടരുന്നത്. 21 റേറ്റിങ് പോയിന്‍റ് മാത്രം കുറവുള്ള അശ്വിന് 846 റേറ്റിങ് പോയിന്‍റുണ്ട്. ഓസീസിനെതിരെ മികവ് തുടരാന്‍ കഴിഞ്ഞാല്‍ 2017ന് ശേഷം അശ്വിന് വീണ്ടും ഒന്നാമതെത്താം.
അഞ്ചാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബുംറയാണ് ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പരിക്കേറ്റതിനെ തുടര്‍ന്ന് ഓസീസിനെതിരെ കളിക്കാന്‍ ബുംറയ്‌ക്ക് കഴിഞ്ഞിട്ടില്ല. ബോളര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയും നേട്ടമുണ്ടാക്കി.
നാഗ്‌പൂരില്‍ ഏഴ് വിക്കറ്റുമായി തിളങ്ങിയ ജഡേജ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 16ാമതെത്തി. ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എട്ടാം റാങ്കിലെത്തി. നാഗ്‌പൂരിലെ തകര്‍പ്പന്‍ സെഞ്ചുറിയാണ് രോഹിത്തിന് മുതല്‍ക്കൂട്ടായത്.
മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന വിരാട് കോലി 16ാം റാങ്കിലാണ്. ഏഴാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. കഴിഞ്ഞ ഡിസംബറില്‍ കാര്‍ അപടത്തില്‍പെട്ട താരം തിരിച്ചിവരവിന്‍റെ പാതയിലാണ്. നാഗ്പൂര്‍ ടെസറ്റില്‍ പരാജയപ്പെട്ട ഓസീസ് ബാറ്റര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവര്‍ റാങ്കിങ്ങില്‍ താഴേക്ക് വീണു.
ആറ് സ്ഥാനങ്ങള്‍ താഴ്‌ന്ന വാര്‍ണര്‍ 20ാം റാങ്കിലേക്ക് വീണപ്പോള്‍ രണ്ട് സ്ഥാനം ഇറങ്ങിയ ഖവാജ പത്താമതാണ്. ഓസീസ് താരങ്ങളായ മാർനസ് ലബുഷെയ്‌ന്‍, സ്‌റ്റീവ് സ്‌മിത്ത് എന്നിവരാണ് റാങ്കിങ്ങില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കില്‍ തുടരുന്നത്. പാക് നായകന്‍ ബാബര്‍ അസമാണ് മൂന്നാമത്.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ അക്സര്‍ പട്ടേല്‍ ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഏഴാം റാങ്കിലെത്തി. നാഗ്‌പൂരില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ താരത്തിന്‍റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എട്ടാം നമ്പറിലിറങ്ങിയ അക്‌സര്‍ 84 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു. കരിയറില്‍ ആദ്യമായാണ് അക്‌സര്‍ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തുന്നത്.
ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസാനാണ് മൂന്നാമത്.
അതേസമയം ഓസീസിനെതിരായ വിജയത്തോടെ ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഒന്നാം സ്ഥാനക്കാരായിരുന്ന ഓസ്‌ട്രേലിയയെ താഴെയിറക്കിയാണ് രണ്ടം റാങ്കുകാരായിരുന്ന ഇന്ത്യ തലപ്പത്തെത്തിയത്. 32 മത്സരങ്ങളില്‍ നിന്നും 115 റേറ്റിങ്ങാണ് ഇന്ത്യയ്‌ക്കുള്ളത്. രണ്ടാം സ്ഥാനത്തേക്ക് വീണ ഓസീസിന് 29 മത്സരങ്ങളില്‍ നിന്നും 111 റേറ്റിങ്ങുണ്ട്.