ദുബായ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. സെഞ്ചൂറിയനിലെ തോല്‍വിക്ക് കേപ്‌ടൗണിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. പേസര്‍മാര്‍ അഴിഞ്ഞാടിയ കേപ്‌ടൗണ്‍ ടെസ്റ്റ് വെറും ഒന്നര ദിവസത്തിലാണ് തീര്‍ന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ ടെസ്റ്റായും അതുമാറി. ഇപ്പോഴിതാ കേപ്‌ടൗണിലെ പിച്ചിന് മാര്‍ക്കിട്ടിരിക്കുകയാണ് ഐസിസി. (ICC rated India vs South Africa 2nd Test pitch in Cape Town).
'തൃപ്‌തികരമല്ല' എന്ന റേറ്റിങ്ങാണ് പിച്ചിന് മാച്ച് റഫറി ക്രിസ് ബ്രോഡ് നല്‍കിയിരിക്കുന്നത്. ഒരു ഡീ മെറിറ്റ് പോയിന്‍റും വിധിച്ചിട്ടുണ്ട്. "കേപ്‌ടൗണിലെ ന്യൂലാൻഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. മത്സരത്തിലുടനീളം പന്ത് വളരെ വേഗത്തില്‍ കുത്തി ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്.
ചിപ്പോള്‍ ഏറെ ഭയപ്പെടുത്തുന്ന വിധത്തിലായിരുന്നുവത്. അസാധാരണമായി കുത്തി ഉയര്‍ന്ന പന്തുകള്‍ പലപ്പോഴും ബാറ്റര്‍മാരുടെ ഗ്ലൗവിലാണ് കൊണ്ടത്. ഇത്തരം പന്തുകളിലാണ് പല വിക്കറ്റുകളും വീണത്" - ക്രിസ് ബ്രോഡ് പറഞ്ഞു.
ഒരു ഡീമെറിറ്റ് പോയിന്‍റ് മാത്രം ലഭിച്ചതോടെ പിച്ചിന് നേരിട്ടുള്ള പ്രത്യാഘാതം ഉണ്ടാകില്ല. എന്നാല്‍ ഒരു പിച്ചിന് ഒരു വര്‍ഷത്തിനിടെ ആറ് ഡീ മെറിറ്റ് പോയിന്‍റുകൾ ലഭിക്കുകയാണെങ്കില്‍ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് കളിക്കുന്നതിന് വിലക്ക് ലഭിക്കും. ആറ് ഡീ മെറിറ്റ് പോയിന്‍റിന് ഒരു വർഷം നീണ്ടുനിൽക്കുന്ന വിലക്കാണ് കിട്ടുക.
മത്സരത്തിന് ശേഷം പിച്ചിനെ കുറ്റം പറഞ്ഞില്ലെങ്കിലും ഐസിസിക്കും മാച്ച് റഫിമാര്‍ക്കും എതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഞ്ഞടിച്ചിരുന്നു. റേറ്റിങ് നല്‍കേണ്ടത് പിച്ചിന്‍റെ സ്വഭാവം നോക്കിയാണ് അല്ലാതെ ആതിഥേയരാവുന്ന രാജ്യത്തിന്‍റെ അടിസ്ഥാനത്തിലാവരുത് എന്നായിരുന്നു താരം പറഞ്ഞത്. ഏത് രാജ്യത്ത് കളി നടന്നാലും മാച്ച് റഫറിമാര്‍ നിഷ്‌പക്ഷരായിരിക്കണമെന്നുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.
"ഈ പിച്ചില്‍ സംഭവിച്ചത് നമ്മള്‍ എല്ലാവരും തന്നെ കണ്ടു. ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. ഞങ്ങളിവിടെ എത്തിയത് വെല്ലുവിളികള്‍ നേരിടാന്‍ തന്നെയാണ്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ ഇതുപോലെ ആവണം. അവിടെ ആദ്യ ദിനം തൊട്ട് പന്ത് കുത്തിത്തിരിയുമ്പോള്‍ പിച്ചില്‍ നിന്നും പൊടി ഉയരുന്നു എന്ന പരാതികളാണ്. ഈ പിച്ചില്‍ നിരവധി വിള്ളലുകള്‍ ഉണ്ടായിരുന്നു" -രോഹിത് പറഞ്ഞു.
ALSO READ: ഇത്തരം പിച്ചുകള്‍ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല, ഇനി ഇന്ത്യയിലേക്ക് വരുമ്പോഴും അങ്ങനെയാവണം ; ഫയറായി രോഹിത്
അതേസമയം ആകെ 107 ഓവറുകള്‍ക്ക് ഉള്ളിലയിരുന്നു കേപ്‌ടൗണ്‍ ടെസ്റ്റിന് തിരശീല വീണത്. മത്സരത്തിന്‍റെ ആദ്യ ദിനം തന്നെ 23 വിക്കറ്റുകളായിരുന്നു നിലംപൊത്തിയത്. രണ്ടാം ദിനത്തില്‍ രണ്ട് സെഷനില്‍ 10 വിക്കറ്റുകളും വീണു. മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു രോഹിത് ശര്‍മയും സംഘവും വിജയം നേടിയത്.
കേപ്‌ടൗണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് 55 റണ്‍സ് മാത്രമായിരുന്നു നേടാനായത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകളുമായി കൊടുങ്കാറ്റായപ്പോള്‍ 30 പന്തില്‍ 15 റണ്‍സ് നേടിയ കെയ്‌ല്‍ വെരെയ്‌ന, 17 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ടത്.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യയെ 153 റണ്‍സില്‍ പിടിച്ചുകെട്ടാന്‍ പ്രോട്ടീസിനായി. 59 പന്തില്‍ 46 റണ്‍സെടുത്ത വിരാട് കോലി 50 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പ്രടനമായിരുന്നു നിര്‍ണായകമായത്. അവസാന ആറ് വിക്കറ്റുകളില്‍ ഒരൊറ്റ റണ്‍സ് പോലും നേടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഒന്നാം ഇന്നിങ്‌സില്‍ 98 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറിയുടെ ബലത്തില്‍ 176 റണ്‍സായിരുന്നു നേടിയിരുന്നത്. ഇത്തവണ ആറ് വിക്കറ്റുമായി ജസ്‌പ്രീത് ബുംറയായിരുന്നു പ്രോട്ടീസിനെ എറിഞ്ഞിട്ടത്. ഇതോടെ വിജയ ലക്ഷ്യമായി നിശ്ചയിക്കപ്പെട്ട 79 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നേടിയെടുക്കുകയും ചെയ്‌തു.
ALSO READ: മോശം പിച്ചുകളെക്കുറിച്ച് ഇന്ത്യ പരാതി പറയാറില്ല, പോരാട്ടമികവാണ് പുറത്തെടുക്കാറ്: ആകാശ് ചോപ്ര